മേക്കൊഴൂരിൽ വോളിബോൾ ടർഫ് കായികപ്രേമികൾക്ക് ആവേശം
പത്തനംതിട്ട : വോളിബോൾ ഗ്രാമമായ മൈലപ്രയിൽ വോളിബോൾ ടർഫ് ഒരുങ്ങി. കായികപ്രേമികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ഇത്.
വോളിബോളിനെ നെഞ്ചിലേറ്റിയ ഗ്രാമമാണ് മൈലപ്ര.ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മൈലപ്ര പഞ്ചായത്തിലെ മേക്കൊഴൂരിലാണ് 37 ലക്ഷം രൂപ ചെലവിൽ വോളിബോൾ ടർഫും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത് . 21 ലക്ഷം രൂപ മുടക്കി വോളിബോൾ കളിക്ക് ഏറ്റവും യോജിച്ച മഡ് ടർഫാണ് നിർമ്മിച്ചത്. കളിക്കാർക്ക് യാതൊരു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകില്ല എന്നതാണ് മഡ് ടർഫിന്റെ പ്രത്യേകത. ടർഫിനോട് ചേർന്ന് 16 ലക്ഷം രൂപ ചെലവിൽ ടോയ്ലറ്റ് കോംപ്ലക്സും, ഗാലറിയും നിർമ്മിച്ചു. .ചരിഞ്ഞു കിടന്നിരുന്ന സ്ഥലം കോൺക്രീറ്റ് ഭിത്തി കെട്ടി നിരപ്പാക്കിയാണ് ടർഫ് നിർമ്മിച്ചത്.ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യമായാണ് വോളി ബോൾ ടർഫ് നിർമ്മിക്കുന്നത്. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം സായിയുടെ ജൂനിയർ ടീമുകൾ തമ്മിൽ സൗഹൃദ വോളിബോൾ മത്സരവും നടന്നു. മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് ഉദ്ഘാടനംചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വർഗീസ്,റെജി എബ്രഹാം, ജെസി സാമുവൽ,സാജു മണിദാസ്,പ്രതാപൻ,ശ്യാം ജി,സംഘാടക സമിതി കൺവീനർ ജോൺ എം സാമുവൽ എന്നിവർ സംസാരിച്ചു.
മികച്ച താരങ്ങളുടെ നാട്
ഇവിടുത്തെ മൈതാനങ്ങളിൽ കളിച്ചുവളർന്ന നിരവധി താരങ്ങൾ ദേശീയ ടീമിലടക്കം ശ്രദ്ധേയരായിട്ടുണ്ട് കേരള ടീം ക്യാപ്റ്റൻ ശ്യാം ജി തോമസ്, ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ടിജി രാജു, സീനിയർ ഇന്ത്യൻ താരം ഷോൺ ജോർജ്, ജൂനിയർ ഇന്ത്യൻ ടീം അംഗം അനു ജയിംസ് എന്നിവർ ഇതിൽ പ്രമുഖരാണ്. ഇതേ മൈതാനങ്ങളിൽ നിന്ന് ദേശീയ താരങ്ങൾ ഉണ്ടായപ്പോഴും ഇവിടെ സ്വന്തമായി ഒരു കോർട്ടില്ലായിരുന്നു.
ചെലവ് 37 ലക്ഷം
---------------------
വോളീബോളിന് ഏറെ പ്രാധാന്യമുള്ള നാട്ടിൽ ടർഫ് എത്തിയത് കായിപ്രേമികൾക്ക് ഏറെ പ്രയോജനപ്പെടും
ജിജോ മോഡി
ജില്ലാപഞ്ചായത്ത് അംഗം