'ലേശം ഉളുപ്പൊക്കെ ആകാം കേട്ടോ'; തോറ്റ് തുന്നംപാടിയിട്ടും വെല്ലുവിളിയുമായി പാക് താരം

Sunday 12 October 2025 11:44 PM IST

ദുബായ്: ഇന്ത്യയുടെ മുന്നില്‍ എത്ര തവണ തോറ്റാലും യാതൊരു നാണവുമില്ലാതെയുള്ള വെല്ലുവിളിയും വീമ്പ് പറച്ചിലും തുടരുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍. ഏഷ്യ കപ്പില്‍ ഫൈനലില്‍ ഉള്‍പ്പെടെ മൂന്ന് തവണയാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാകിസ്ഥാനെ കൈയില്‍ കിട്ടിയപ്പോള്‍ നന്നായി പഞ്ഞിക്കിട്ടാണ് ഇന്ത്യയുടെ യുവ ബാറ്റര്‍ അഭിഷേക് ശര്‍മ്മ തിരിച്ചുകയറിയത്. ഫൈനലില്‍ താരം നേരത്തെ പുറത്തായെങ്കിലും തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു.

ഇപ്പോഴിതാ ഇന്ത്യന്‍ താരത്തെ പുറത്താക്കാന്‍ തനിക്ക് വെറും ഒരു ഓവര്‍ തികച്ച് വേണ്ടെന്നാണ് പാക് പേസര്‍ എഹ്‌സാനുള്ള അവകാശപ്പെടുന്നത്. ഇന്ത്യക്കെതിരെ തന്നെ കളിപ്പിച്ചിരുന്നുവെങ്കില്‍ മൂന്ന് മുതല്‍ ആറ് പന്തുകള്‍ക്കുള്ളില്‍ താന്‍ അഭിഷേക് ശര്‍മ്മയെ പുറത്താക്കുമായിരുന്നുവെന്നാണ് എഹ്‌സാനുള്ളയുടെ വീമ്പ് പറച്ചില്‍. ഇത്തരമൊരു കാര്യം താരം പറയുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. ഇതിന്റെ പേരില്‍ താരം കണക്കിന് പരിഹാസം ഏറ്റുവാങ്ങുന്നുമുണ്ട്.

''140 വേഗതയുള്ള എന്റെ പന്തുകള്‍ അഭിഷേകിന് 160 കിലോമീറ്റര്‍ ആയി തോന്നാം. എന്റെ പന്തുകളെ മനസ്സിലാക്കാന്‍ പോലും അഭിഷേകിന് സാധിക്കില്ല. ഇടം കൈ ബാറ്റര്‍മാര്‍ക്കെതിരെ ഞാന്‍ ഇന്‍സ്വിങ്ങറുകള്‍ എറിയും. അഭിഷേക് ശര്‍മ ഇത്തരം പന്തുകള്‍ക്കെതിരെ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കാന്‍ സാധിക്കുമെന്നു ഞാന്‍ പറയുന്നത്.'' എഹ്‌സാനുള്ള വ്യക്തമാക്കി.