ഷാപ്പിൽ മദ്യം കഴിക്കുന്നത് തടഞ്ഞു; ജീവനക്കാരനെ തല്ലിക്കൊന്നു
ചിറ്റൂർ: പുറമെ നിന്നു കൊണ്ടുവന്ന മദ്യം കള്ള് ഷാപ്പിൽ വച്ച് കഴിക്കാൻ അനുവദിക്കാത്തതിന് യുവാവ് ഷാപ്പ് ജീവനക്കാരനെ തല്ലിക്കൊന്നു. പാലക്കാട് മുണ്ടൂർ പനമണ്ണ വീട്ടിൽ നാരായണന്റെ മകൻ എൻ.രമേഷ്(50) ആണ് കൊഴിഞ്ഞാമ്പാറ ബിവറേജിനു സമീപത്തെ കള്ളുഷാപ്പിനു സമീപത്തെ റോഡിൽ അടിയേറ്റു വീണ് മരിച്ചത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ ചള്ളപാത സ്വദേശി എം.ഷാഹുൽ ഹമീദിനെ(38) പൊലീസ് അറസ്റ്റ് ചെയ്തു.
കള്ളുഷാപ്പിലെ താൽക്കാലിക തൊഴിലാളിയാണ് രമേഷ്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഷാഹുൽ ഹമീദ് വിദേശ മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങിയത് രമേഷ് തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഷാഹുൽ ഹമീദ് അവിടെ നിന്നും പോവുകയും ചെയ്തു. രാത്രി കള്ള്ഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിന്തുടർന്നെത്തിയ ഷാഹുൽ ഹമീദ് റോഡരികിൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റിനു ശേഷം നടന്ന പോസ്റ്റുമോർട്ടത്തിലാണ് രമേഷിന്റെ മരണം മർദ്ദനം മൂലമെന്ന് വ്യക്തമായത്. തുടർന്ന് ഷാഹുൽ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.