പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം
മലപ്പുറം: പൾസ് പോളിയോ ദിനമായ ഇന്നലെ അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലാണ് ജില്ലാതല ഉദ്ഘാടനം നടന്നത്.
മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അദ്ധ്യക്ഷയായി.സ്റ്റേറ്റ് കോൾഡ് ചെയിൻ ഓഫീസർ എം.ആർ.ജയൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിരീക്ഷകൻ കെ. അബ്ദു ഷുക്കൂർ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ. എൻ. പമീലി, ഐ.എം.എ. ജില്ലാ ചെയർപേഴ്സൺ ഡോ. കൊച്ചു എസ്. മണി , ഐ.എം.എ. ദേശീയ ഉപാദ്ധ്യക്ഷൻ ഡോ. വി.യു. സീതി, ആർ.എം.ഒ ഡോ. ദീപക് കെ. വ്യാസ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഇ.പി. ഷരീഫ, ജില്ല എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ വിൻസെന്റ് സിറിൽ, ജില്ലാ മലേറിയ ഓഫീസർ കെ. പ്രദീപ്, ഹെൽത്ത് ഇൻസ്‌പെക്ടർ സെന്തിൽ എന്നിവർ പ്രസംഗിച്ചു .അഞ്ച് വയസ്സിൽ താഴെയുള്ള 4,20,139 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സജ്ജമാക്കിയ 3810 ബൂത്തുകൾ വഴിയാണ് ജില്ലയിൽ തുള്ളിമരുന്ന് വിതരണം നടത്തിയത്. കൂടാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ 65 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും സജ്ജമാക്കിയിരുന്നു. ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാൻ 57 മൊബൈൽ ടീമുകളും പ്രവർത്തിച്ചിരുന്നു. ഇന്നലെ തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ആരോഗ്യ പ്രവർത്തകർ 13,14 തീയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകും.