തേങ്ങാ വിലയ്‌ക്ക് തെങ്ങോളം പൊക്കം
കൊല്ലം: കേരളത്തിൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ തേങ്ങയുടെ വില തെങ്ങോളം പൊക്കത്തിൽ. പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയിൽ വില 38 മുതൽ 45 രൂപ വരെയാണ്. പൊതിച്ച തേങ്ങ കിലോയ്ക്ക് 74യായി മൊത്തവില. ക്രൊപ കിലോയ്ക്ക് 250 മുതലും കൊട്ടത്തേങ്ങ ഒന്നിന് 150 രൂപയുമാണ് വില.
ഓണത്തിന് പൊതിച്ച തേങ്ങ കിലോയ്ക്ക് 69 രൂപയായിരുന്നു. നാടൻ തേങ്ങ തീരെ ലഭിക്കുന്നില്ലെന്ന് വ്യാപരികൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും കർഷകർക്ക് നാളികേര കൃഷിയോടുള്ള വിമുഖതയുമാണ് ഉത്പാദനം കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ പഴയതുപോലെ തേങ്ങ ഇല്ലെന്നാണ് കർഷകർ പറയുന്നത്.
പൊള്ളാച്ചി, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലെ മാർക്കറ്റുകളിൽ പ്രധാനമായും തേങ്ങ എത്തുന്നത്. തമിഴ്നാട് കൂടാതെ കേരളത്തിനകത്ത് നിന്ന് മലപ്പുറം, കോട്ടയം, കായംകുളം എന്നിവിടങ്ങളിൽ നിന്നും തേങ്ങ എത്തുന്നുണ്ട്. മലപ്പുറത്ത് നിന്നെത്തുന്ന തേങ്ങയ്ക്ക് വലുപ്പം കുറവായതിനാൽ ചില്ലറ വിപണിയിൽ വിറ്റുപോകില്ല. ഇതാണ് പുറത്ത് നിന്നുള്ള തേങ്ങ വിപണയിൽ എത്തിക്കുന്നതിന് പ്രധാന കാരണം.
അടുക്കള ബഡ്ജറ്റിൽ ആളൽ
തേങ്ങയ്ക്കൊപ്പം വെളിച്ചെണ്ണ വിലയും മാറ്റമില്ലാതെ തുടരുന്നത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ചു. പായ്ക്കറ്ര് വെളിച്ചെണ്ണ വില 450 രൂപ വരെ എത്തി. കമ്പനിക്ക് അനുസരിച്ച് വിലയിൽ നേരിയ മാറ്റമുണ്ട്. ആട്ടിയ വെളിച്ചെണ്ണയ്ക്ക് 440 രൂപ വരെയാണ് വില. സബ്സിഡി ഇനത്തിൽ സപ്ലൈകോയിൽ 319 രൂപയ്ക്കാണ് വെളിച്ചെണ്ണ ലഭിക്കുന്നത്. ഇതോടെ കടകളിലും വീട്ടാവശ്യങ്ങൾക്കും വെളിച്ചെണ്ണയുടെയും തേങ്ങയുടെയും ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുകയാണ്.
മൊത്തവില, ചില്ലറവില
പൊതിച്ച തേങ്ങ കിലോയ്ക്ക്- ₹74, ₹80
പൊതിക്കാത്ത തേങ്ങ (ഒന്നിന്)- ₹38-45, ₹40-47
കൊപ്ര കിലോയ്ക്ക്- ₹250-255
തേങ്ങ സുലഭമായി കിട്ടാനില്ല. പുറത്ത് നിന്നാണ് കൂടുതലായി എത്തുന്നത്. നിലവിൽ വില ഉയർന്ന് നിൽക്കുകയാണ്.
ഷമീർ,കണ്ണനല്ലൂർ തേങ്ങ മൊത്തവ്യാപാരി
ഓണത്തിന് സബ്സിഡി ഇനത്തിൽ വെളിച്ചെണ്ണ വില കുറഞ്ഞെങ്കിലും ഇപ്പോൾ വില ഉയർന്ന നിലയിലാണ്.
വിപീഷ്, മിൽ ഉടമ, കൊല്ലം