ഹോമ പ്രസാദ വിവാദം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദേവസ്വം വിജിലൻസ് പരിശോധന

Monday 13 October 2025 12:08 AM IST

കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ഭക്തർക്ക് നൽകുന്ന ഹോമപ്രസാദങ്ങൾ കൃത്രിമമായി പ്രത്യേക കേന്ദ്രങ്ങളിൽ നിർമ്മിച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് എസ്.ഐ രാകേഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇന്നലെ ഉച്ചയോടെ പരിശോധനയ്ക്കെത്തിയത്. കൊട്ടാരക്കര സി.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും ദേവസ്വം അസി.കമ്മിഷണർ ആയില്യ.എം.ആർ.പിള്ളയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ക്ഷേത്രത്തിന് നൂറ് മീറ്റർ അകലെയായി വാടക മുറികളിലാണ് സംഘം ആദ്യം പരിശോധന നടത്തിയത്. ഇവിടം നേരത്തേതന്നെ അധികൃതർ സീൽ ചെയ്തിരുന്നതാണ്. ഇവിടുത്തെ പരിശോധനകൾക്ക് ശേഷം ക്ഷേത്രവളപ്പിൽ ശാന്തിക്കാർ താമസിക്കുന്ന കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് കരിപ്രസാദമടക്കം തയ്യാറാക്കിയിരുന്ന ഭാഗവും പരിശോധിച്ചു. പ്ളാസ്റ്റിക് കവറുകളിലുള്ള കൃത്രിമ കറുത്ത പൊടികൾ, നെയ്യ്, ചന്ദനത്തിരികൾ, ഇലകൾ, ചന്ദനപ്പൊടികൾ തുടങ്ങി വിവിധ തരം സാധനങ്ങളാണ് രണ്ടിടത്തുനിന്നുമായി കണ്ടെത്തിയത്. നടവരവായി കിട്ടിയ നെയ്യും ചന്ദനത്തിരികളുമടക്കമുള്ള സാധനങ്ങളും കണ്ടെടുത്തു. രണ്ടിടങ്ങളിൽ നിന്നും കണ്ടെടുത്ത സാധനങ്ങൾ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് സമീപത്തെ മുറികളിലേക്ക് മാറ്റി മുറി അടച്ച് സീൽ ചെയ്തു.

ക്ഷേത്ര സാധനങ്ങളും വാടക മുറിയിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രമായ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ നടവരവ്, കാണിക്ക സാധനങ്ങൾ സ്വകാര്യ കെട്ടിടത്തിലെ വാടക മുറികളിൽ കണ്ടെത്തിയത് ഗൗരവമുള്ള വിഷയമാണ്. നെയ്യ്, ശർക്കര, ചന്ദനം, ജീവത, നെറ്റിപ്പട്ടം, ചന്ദനത്തിരികൾ എന്നിവ കണ്ടെത്തി. പലതും ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു. പൊലീസിന് മോഷണക്കേസ് ചുമത്താവുന്ന കുറ്റങ്ങളാണിവ. കൃത്രിമ കരിപ്പൊടി, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, സിലിണ്ടറുകൾ, മദ്യ കുപ്പികൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവടയക്കം പരിശോധക സംഘം കണ്ടെടുത്തു. ഇവ ചേർത്ത് മഹസർ തയ്യാറാക്കി. ശാന്തിക്കാരുടെ വാസസ്ഥലത്തിന് മുകളിൽ നിന്ന് സമാനമായ സാധന സാമഗ്രികൾ കണ്ടെത്തി. രാത്രിവരെ നീണ്ട പരിശോധനകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് എസ്.പിക്ക് റിപ്പോ‌ർട്ട് സമർപ്പിക്കുമെന്ന് എസ്.ഐ രാകേഷ് അറിയിച്ചു.

വാക്കേറ്റം, സംഘർഷം

വിജിലൻസിലെ ഉയർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കേണ്ട വിഷയമായിട്ടും എസ്.ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതിനെതിരെ ബി.ജെ.പി, ഹിന്ദു സംഘടനകളുടെ നേതാക്കൾ പ്രതിഷേധവുമായെത്തി. കൊട്ടാരക്കര പൊലീസ് ഇടപെട്ടാണ് പ്രശ്നത്തിന് അയവുണ്ടാക്കിയത്. ഹോമപ്രസാദം അനധികൃതമായി നിർമ്മിക്കാനുപയോഗിച്ച വാടക മുറി സീൽ ചെയ്യാൻ കഴിയില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥ‌ർ പറഞ്ഞതോടെ നേരിയ വാക്കേറ്റവും സംഘർഷവുമുണ്ടായി. വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ഹിന്ദുസംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.