മുൻ ദേവസ്വം മന്ത്രിയുടെ പങ്കും അന്വേഷിക്കണം: സതീശൻ

Monday 13 October 2025 12:10 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ 2019ൽ ദേവസ്വം പ്രസിഡന്റായ എ. പത്മകുമാറിനെയും ബോർഡ് അംഗങ്ങളെയും പ്രതി ചേർത്ത സാഹചര്യത്തിൽ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ നേതൃത്വത്തിലുള്ള പങ്ക് എഫ്.ഐ.ആറിൽ വെളിപ്പെട്ട സാഹചര്യത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണം. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയാണ് 2025ൽ വീണ്ടും വിളിച്ചു വരുത്തി സ്വർണപാളി കൊടുത്തുവിട്ടത്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ മോഷ്ടിച്ച് വിറ്റെന്ന് തെളിയുകയും സർക്കാരും സി.പി.എം നേതാക്കളും സംശനിഴലിലായതിനാൽ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ സർക്കാരിനാവില്ല. വീണ്ടും തട്ടിപ്പ് നടത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഗൂഢാലോചന നടത്തിയ ദേവസ്വം ബോർഡിനേയും പിരിച്ചുവിടണം.