ചേരാനല്ലൂർ ദേവിക്ക് വേണ്ട വാസനപ്പൂക്കൾ, കൊമ്പനാനയും ചന്ദനത്തിരിയും നിഷിദ്ധം
കൊച്ചി: സുഗന്ധ പുഷ്പങ്ങളും ചന്ദനത്തിരിയും ചേരാനല്ലൂർ ശ്രീകാർത്ത്യായനി ദേവിക്ക് നിഷിദ്ധമാണ്. സ്ത്രീകൾ മുല്ലയും പിച്ചിയുംപോലുള്ള സുഗന്ധപുഷ്പങ്ങൾ ചൂടി ക്ഷേത്രത്തിൽ പ്രവേശിക്കാനും പാടില്ല. വിവാഹച്ചടങ്ങും നടത്താറില്ല. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് വിലക്കും മുമ്പേ ശ്രീകാർത്ത്യായനി ക്ഷേത്രത്തിൽ അതുപടിക്ക് പുറത്താണ്.
ക്ഷേത്രവളപ്പിൽ കൊമ്പനാനകൾക്കും പ്രവേശനമില്ല. പിടിയാനപ്പുറത്താണ് എഴുന്നള്ളത്ത്. ഉപപ്രതിഷ്ഠയായി പുരുഷദേവതകളുമില്ല. പൂജയ്‌ക്ക് പ്രധാനമായും താമരയും തെറ്റിയും തുളസിയും മാത്രം. നന്ത്യാർവട്ടവും ശംഖുപുഷ്‌വും ഉപയോഗിക്കാം. ദേവി സാത്വിക ഭാവത്തിലായതിനാൽ ചെമ്പരത്തിയും പൂജയ്ക്കെടുക്കാറില്ല. ചന്ദനത്തിനും കർപ്പൂരത്തിനും വിലക്കില്ല. സർവാഭരണവിഭൂഷിതയായി ഭഗവാനെ വിവാഹം കഴിക്കാൻ പുറപ്പെട്ട ദേവി മാർഗമദ്ധ്യേ മാംഗല്യത്തിന് തടസം നേരിട്ട് നിരാശയായി മടങ്ങിയതോടെയാണ് ഇതെല്ലാം നിഷിദ്ധമായതെന്ന് ഐതിഹ്യം.
ശ്രീവൈദ്യനാഥനെ വരിക്കാൻ പുറപ്പെട്ടു
ചേരാനല്ലൂർ മാരാപ്പറമ്പ് ശ്രീവൈദ്യനാഥ ക്ഷേത്രത്തിലേക്ക് ഭഗവാന് വരണമാല്യം ചാർത്താൻ താളമേളങ്ങളുടെ അകമ്പടിയോടെ ദേവി പുറപ്പെട്ടു. ഇപ്പോൾ കണ്ടെയ്‌നർ റോഡ് കടന്നുപോകുന്ന പാലയ്‌ക്കൽ ഭാഗത്ത് ആൽമരവും പാലയുമുള്ള സ്ഥലത്തെത്തിയപ്പോൾ ദേവി രജസ്വലയായതോടെ യാത്ര മുടങ്ങി. വിവാഹവസ്ത്രം ഉപേക്ഷിച്ച് മടങ്ങിയെങ്കിലും അന്ന് രാത്രി 16കാൽ മണ്ഡപത്തിൽ വിശ്രമിച്ച ശേഷം അടുത്ത ദിവസം രാവിലെ ആറാട്ട് കഴിഞ്ഞാണ് ശ്രീകോവിലിൽ പ്രവേശിച്ചത്. എല്ലാവർഷവും ഉത്സവത്തിന് മാരാപ്പറമ്പിലേക്കുള്ള ഈ എഴുന്നള്ളത്തും തിരിച്ചുവരവും ആചാരപൂർവം നടക്കുന്നുണ്ട്. കുമാരനല്ലൂർ കാർത്ത്യായനിയുടെ സഹോദരിസ്ഥാനമാണ് ചേരാനല്ലൂർ ഭഗവതിക്കുള്ളത്. ദേവിക്ക് ചേരാൻ നല്ല ഊരായതു കൊണ്ടാണ് ചേരാനല്ലൂരിന് ആ പേര് കിട്ടിയതെന്ന് കരുതുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം.
'കാർത്ത്യായിനി ദേവി പ്രഭാതത്തിൽ ബാലികാ രൂപത്തിലും മദ്ധ്യാഹ്നത്തിൽ കൗമാരരൂപത്തിലും സായാഹ്നത്തിൽ യൗവനാവസ്ഥയിലും കുടികൊള്ളുന്നു".
ഒ. ചന്ദ്രശേഖരൻ,
ക്ഷേത്രോപദേശക സമിതി മുൻ പ്രസിഡന്റ്