ഷാഫിക്കെതിരായ അതിക്രമം: മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ പരാതി
കോഴിക്കോട്: പേരാമ്പ്ര സി.കെ.ജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ ഷാഫി പറമ്പിൽ എം.പിക്ക് മർദ്ദനമേറ്റ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് കോൺഗ്രസ് നേതൃത്വം ഡി.ജി.പിക്ക് പരാതി നൽകി. പേരാമ്പ്ര,വടകര ഡിവൈ.എസ്.പിമാരായ സുനിൽകുമാർ,ഹരിപ്രസാദ്,ഷാഫിയെ ലാത്തി കൊണ്ടടിച്ച സിവിൽ പൊലീസ് ഓഫീസർ എന്നിവർക്കെതിരെയാണ് പരാതി. ഒരാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ റൂറൽ എസ്.പി കെ.ഇ ബൈജുവിന്റെ വടകരയിലെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് ഷാഫി പരാതി നൽകും. ഇതോടൊപ്പം പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു. ശബരിമല വിശ്വാസ സംരക്ഷണ ജാഥയ്ക്ക് 14ന് കോഴിക്കോട്സ്വീകരണം നൽകും. ഇതിനിടെ പേരാമ്പ്രയിൽ യു.ഡി.എഫ് ശനിയാഴ്ച വെെകിട്ട് നടത്തിയ പ്രതിഷേധ സംഗമത്തിനെതിരെ പൊലീസ് കേസെടുത്തു. അഞ്ച് യു.ഡി.എഫ് പ്രവർത്തകർക്കും കണ്ടാലറിയാവുന്ന 320 പേർക്കെതിരെയുമാണ് കേസ്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച വെെകിട്ട് പേരാമ്പ്രയിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ ഷാഫിയെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തത്. ഷാഫിയ്ക്കെതിരായ പൊലീസ് നടപടിയിൽ റൂറൽ എസ്.പി അടക്കം മേലുദ്യോഗസ്ഥരെ കീഴുദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോയെന്നും പൊലീസ് അന്വേഷിക്കും.
ഷാഫി സുഖം
പ്രാപിക്കുന്നു
ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടരുന്ന കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി ഐ.സി.യുവിലാണ്. ആർ. എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ,പി.സി.വിഷ്ണുനാഥ് എം.എൽ.എ തുടങ്ങിയവർ ആശുപത്രിയിലെത്തി എം.പിയെ സന്ദർശിച്ചു.
നടന്നത് കാടത്തം: ഷിബു ബേബി ജോൺ
ഷാഫി പറമ്പിൽ എം.പിക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ നടന്നത് കാടത്തമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇത് കാടന്മാർക്ക് മാത്രമേ ചെയ്യാനാവൂ.ശബരിമലയിൽ സ്വർണം കട്ടു എന്നത് ഉറപ്പാണ്. പിണറായി മുഖ്യമന്ത്രിയും വാസവൻ മന്ത്രിയായിരിക്കുമ്പോൾ ഐ.എൻ.ടി.യു.സി കട്ടാൽ ഇവർ വേറെ പണിക്കു പോകുന്നതാണ് നല്ലത്.