ഫ്ലാഗ് ഓഫ് രണ്ട് കഴിഞ്ഞിട്ടും എം.വി.ഡിക്ക് വണ്ടി കിട്ടിയില്ല !
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ഫ്ളാഗ് ഓഫ് നടത്തിയിട്ടും മോട്ടോർ വാഹനവകുപ്പിന്റെ പുതിയ വാഹനങ്ങൾ ഉദ്യോഗസ്ഥർക്ക് കൊണ്ടുപോകാനായില്ല. ഏതൊക്കെ ഓഫീസിലേക്ക് വാഹനങ്ങൾ കൈമാറണമെന്നതിൽ ഗതാഗത മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് രണ്ടാംവട്ടവും വണ്ടി കൊണ്ടുപോകാൻ എത്തിയ ഉദ്യോഗസ്ഥർക്ക് വെറും കൈയോടെ മടങ്ങേണ്ടിവന്നത്.
സെപ്തംബർ 29ന് കനകക്കുന്നിലാണ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. ആള് കുറഞ്ഞതിലും സംഘാടനാപ്പിഴവിലും ദേഷ്യപ്പെട്ട് മന്ത്രി അന്ന് പരിപാടി റദ്ദാക്കിയതോടെ വണ്ടിയെടുക്കാൻ കാസർകോട് മുതലുളള ആർ.ടി.ഓഫീസുകളിൽ നിന്ന് എത്തിയിരുന്ന ഡ്രൈവർമാർക്കും ഉദ്യോഗസ്ഥർക്കും മടങ്ങേണ്ടിവന്നു. വെള്ളിയാഴ്ച പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വച്ചാണ് ആഘോഷമായി ഫ്ളാഗ് ഓഫ് നടത്തിയത്. അന്നും വാഹനം കൊണ്ടുപോകാൻ ഉദ്യോഗസ്ഥരെത്തിയിരുന്നു. ഏതൊക്കെ ഓഫീസിലേക്ക് വാഹനങ്ങൾ കൈമാറണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് തയ്യാറാക്കിയ ലിസ്റ്റിൽ അതൃപ്തിയുണ്ടായതോടെ മന്ത്രിയുടെ ഓഫീസ് വണ്ടി കൊണ്ടുപോകുന്നത് തടഞ്ഞു. മന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്ന പുതിയ ലിസ്റ്റ് അനുസരിച്ച് വിട്ടുകൊടുത്താൽ മതിയെന്നാണ് നിർദ്ദേശം. വാഹനങ്ങളിപ്പോഴും പേരൂർക്കടയിലെ എസ്.എ.പി ക്യാമ്പിൽ 'വിശ്രമ'ത്തിലാണ്.
മുമ്പില്ലാത്തവിധം മന്ത്രിയുടെ ഇഷ്ടം അടിച്ചേൽപ്പിക്കുന്നതിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് അസംതൃപ്തിയുണ്ട്. 52 പുതിയ വാഹനങ്ങളാണ് ഫ്ളാഗ് ഓഫ് ചെയ്തത്. എൻഫോഴ്സ്‌മെന്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണ് പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. പല എൻഫോഴ്സ്‌മെന്റ് ഓഫീസുകളിലെയും വാഹനങ്ങളുടെ ഫിറ്റ്നെസ് കാലാവധി തീരാനിരിക്കുകയാണ്.