അനിയുടെ സ്വപ്ന വീടിന്റെ താക്കോൽ കൈമാറി
തൊടിയൂർ: പുലിയൂർ വഞ്ചി ജനകീയ ലൈബ്രറി ആൻഡ് ആർട്‌സ് ക്ലബ്ബിന്റെ (ജെ.എൽ.എ.സി.) 45-ാം വാർഷികത്തോടനുബന്ധിച്ച് പ്രദേശത്തെ നിരാലംബനായ യുവാവിനുവേണ്ടി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. ഗ്രന്ഥശാലയ്ക്ക് സമീപം താമസക്കാരനും മാനസിക വെല്ലുവിളി നേരിടുന്നതുമായ മുണ്ടപ്പള്ളി കിഴക്കതിൽ അനിക്കാണ് ലൈബ്രറിയുടെ കാരുണ്യത്തിൽ വീട് ലഭിച്ചത്.
ലൈബ്രറി പ്രസിഡന്റ് എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ. തൊഴിലുറപ്പ് തൊഴിലാളികളെയും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ആദ്യകാല ഗ്രന്ഥശാലാ പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ എസ്.എസ്.എൽ.സി അവാർഡ് വിതരണം ചെയ്തു.
പൊതുസമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും നടന്നു. അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, ടി. രാജീവ്, അഡ്വ. സുധീർ കാരിക്കൽ, അനിൽ ആർ. പാലവിള, നജീബ് മണ്ണേൽ, ബിന്ദു രാമചന്ദ്രൻ, തൊടിയൂർ വിജയകുമാർ, അഡ്വ. കെ.എ. ജവാദ്, എസ്. മോഹനൻ, പി. ശ്രീധരൻ പിള്ള, ഉത്തമൻ, അഡ്വ. മഠത്തിനേത്ത് വിജയൻ, എൻ. അമ്പിളി എന്നിവർ സംസാരിച്ചു. എസ്.കെ. അനിൽ സ്വാഗതവും സതീഷ് വാസരം നന്ദിയും പറഞ്ഞു.