മാതൃകയാണ്... പാലക്കാട്ടെ കമ്മ്യൂണിറ്റി ലെവൽ നാപ്കിൻ ഡിസ്‌ട്രോയർ
പാലക്കാട്: ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ സംസ്‌കരിക്കുന്നത് ഏറെ വെല്ലുവിളിയാണ്. ഇത്തരം മാലിന്യം മിക്ക സ്ഥലങ്ങളിലും നഗരസഭ ശേഖരിക്കുന്നുണ്ടെങ്കിലും മാലിന്യ സംഭരണ ശാലകളിൽ കെട്ടിക്കിടക്കുകയാണ്. എന്നാൽ നാപ്കിൻ, ഡയപ്പർ തുടങ്ങിയ മാലിന്യങ്ങൾ സംസ്കരിക്കാൻ പാലക്കാട് നഗരസഭയ്ക്ക് സ്വന്തമായി ഒരു കമ്മ്യൂണിറ്റി ലെവൽ നാപ്കിൻ ഡിസ്‌ട്രോയർ യൂണിറ്റുണ്ട്. സംസ്ഥാനത്ത് ആദ്യമായി സാനിറ്ററി മാലിന്യ സംസ്‌കരണ പദ്ധതി കൊണ്ടുവന്നതും പാലക്കാട് നഗരസഭയാണ്. 2021 ഒക്ടോബറിൽ ഒന്നര ടൺ വരെ മാലിന്യം സംസ്‌കരിക്കാവുന്ന തരത്തിൽ നവീകരിച്ച പ്ലാന്റ് പ്രവർത്തനം തുടങ്ങി. കൂട്ടുപാതയിലെ നഗരസഭാ ഖരമാലിന്യ സംഭരണ കേന്ദ്രത്തിലാണ് കമ്യൂണിറ്റി ലെവൽ നാപ്കിൻ ഡിസ്‌ട്രോയർ യൂണിറ്റ് പ്രവർത്തിക്കുന്നത്. നഗരസഭാ പരിധിയിൽ നിന്ന് പ്രതിദിനം 800 മുതൽ 1,200 കിലോഗ്രാം വരെ മാലിന്യമാണ് ശേഖരിക്കുന്നത്. 50 ലക്ഷം രൂപ ചെലവിലാണ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. മാസം 100 രൂപയാണ് ഇതിന് നഗരസഭ ഈടാക്കുന്ന ഫീസ്. മാസത്തിൽ നാലു തവണ ഹരിത കർമ്മ സേനാംഗങ്ങൾ വീട്ടിലെത്തി മാലിന്യങ്ങൾ ശേഖരിക്കും. മാലിന്യ ശേഖരണത്തിന് ഈടാക്കുന്ന ഫീസ് ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഫീസാണ്. കുട്ടികളുടെയും പ്രായമായവരുടെയും ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും സംസ്‌കരിക്കുന്നതിന് മികവുറ്റ മാതൃകയാണ് പാലക്കാട്ടെ ഈ സംസ്‌കരണ പ്ലാന്റ്. ഇതര പഞ്ചായത്തുകളും ഇത്തരം മാലിന്യം സംസ്കരിക്കുന്നതിനായി പാലക്കാട് നഗരസഭയെ സമീപിക്കുന്നുണ്ട്. പദ്ധതി വിപുലീകരിക്കാനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്. പാലക്കാട് നഗരസഭ കൂടാതെ ഒറ്റപ്പാലം നഗരസഭയും സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ പ്രവർത്തനം തുടങ്ങുന്നുണ്ട്. ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് നഗരസഭ പ്രവർത്തനം തുടങ്ങുന്നത്.