ദേവസ്വം ഓഡിറ്റിംഗ്: തസ്തിക കൂട്ടണമെന്ന റിപ്പോർട്ട് പൂഴ്ത്തി

Monday 13 October 2025 1:43 AM IST

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വെട്ടിപ്പും കൊള്ളയും തടയാൻ കണക്കെടുപ്പ് കാര്യക്ഷമമാക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശുപാർശ ഒരു വർഷമായിട്ടും വെളിച്ചം കണ്ടില്ല. ഓഡിറ്റിംഗ് വിഭാഗത്തിൽ അധികമായി 12 താത്കാലിക തസ്തികകൾ അനുവദിക്കണം എന്നതടക്കമായിരുന്നു ശുപാർശ.

കണക്കെടുപ്പിന് നിലവിലെ മാനവശേഷി പരിമിതമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഭരണ പരിഷ്കാരവകുപ്പ് അഡിഷണൽ സെക്രട്ടറി വി.എസ്. ഗോപാലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ വർഷമാണ് സർക്കാരിന് സമർപ്പിച്ചത്. എസ്റ്റാബ്ലിഷ്‌മെന്റ്, കോടതി, റിപ്പോർട്ട്, സ്ക്രൂട്ടിനി, മരാമത്ത് സെക്ഷനുകളിലെ ജോലികളിലെ കാലതാമസം ഒഴിവാക്കാൻ ഓരോ സെക്ഷനിലും അധികമായി ഓരോരുത്തരെക്കൂടി നിയോഗിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

മേജർ, മൈനർ ക്ഷേത്രങ്ങളിലുൾപ്പെടെ ബോർഡിന് കീഴിലുള്ള 1,340 സ്ഥാപനങ്ങളിൽ കണക്കെടുപ്പ് നടത്തുന്നതിന് താത്കാലികക്കാരുൾപ്പെടെ 35 ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. മുമ്പുള്ളതിനേക്കാൾ സ്ഥാപനങ്ങളും ജീവനക്കാരും പദ്ധതികളുമടക്കം വർദ്ധിച്ചെങ്കിലും അതിന് ആനുപാതികമായി കണക്കെടുപ്പ് വിഭാഗത്തെ ശക്തിപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ട് സമർപ്പിച്ചിട്ടും ഇ-ഓഫീസ് സംവിധാനം കാര്യക്ഷമമാക്കാനോ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് പോരായ്മകൾക്ക് പരിഹാരം കാണാനോ നടപടിയുണ്ടായില്ല.

കണക്കെടുപ്പിന്

കാലതാമസം

1. ഇ-ഫയൽ സംവിധാനം, കമ്പ്യൂട്ടറൈസേഷൻ എന്നിവ നടപ്പാക്കാത്തതിനാൽ കണക്കെടുപ്പിനുൾപ്പെടെ അധിക സമയം വേണ്ടിവരുന്നുവെന്ന് റിപ്പോർട്ട്

2. എയിംസ് സോഫ്റ്റ്‌‌വെയറിന്റെ പ്രത്യേക മോഡ്യൂൾ വികസിപ്പിച്ചിട്ടില്ലാത്തതിനാൽ സമയബന്ധിത കണക്കെടുപ്പ് അസാദ്ധ്യം

3. അമ്പലങ്ങളിൽ പണം കൈപ്പറ്റുന്നതിന് മാന്വൽ രസീതുകൾ ഉപയോഗിക്കുന്നതിനാൽ കണക്കെടുപ്പിന് കൂടുതൽ സമയം വേണ്ടിവരുന്നു

4. അമ്പലങ്ങളും ബോർഡ് ഹെഡ് ക്വാർട്ടേഴ്സും തമ്മിൽ കമ്പ്യൂട്ടർ നെറ്റ്‌‌വർക്ക് ഇല്ലാത്തതിനാൽ കണക്കെടുപ്പ് റിപ്പോർട്ടിന്മേൽ തുടർനടപടികൾ വൈകുന്നു

'' റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. മറ്റ് നടപടികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല -ഉദ്യോഗസ്ഥ ഭരണ

പരിഷ്കാര വകുപ്പ്