സമൻസ് ഇപ്പോൾ വാർത്തയായ കാര്യം ഊഹിക്കാവുന്നത്: ബാലഗോപാൽ

Monday 13 October 2025 12:47 AM IST

കൊല്ലം: മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി സമൻസ് ഇപ്പോൾ വാർത്തയായതിനു പിന്നിലെന്താണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം എന്തുകൊണ്ട് ഇതൊക്കെ പുറത്തുവരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈന്തപ്പഴം, സ്വർണക്കടത്ത് അങ്ങനെ എന്തെല്ലാം കാര്യങ്ങളെത്തി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലഗോപാൽ. സമൻസ് കൊടുത്തെങ്കിൽ എന്തുകൊണ്ട് തുടരന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയിൽ തെറ്റായ ചില കാര്യങ്ങൾ നടന്നതായി കോടതി ചൂണ്ടിക്കാണിച്ചു. അതിൽ ഒരു കുറ്റവാളി പോലും സംരക്ഷിക്കപ്പെടില്ല. അന്വേഷണം നടക്കുകയാണ്. അതിനിടയിൽ വിവാദവും പുകമറയും ഉണ്ടാക്കി കുളം കലക്കേണ്ട. കല്ലും നെല്ലും തിരിയട്ടെയെന്നും വിശ്വാസികളുടെ മുഴുവൻ അപ്പോസ്തലരായി ആരും വരേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.