അമിത് ഷായുടെ ജനസംഖ്യാ പരാമർശത്തിനെതിരെ കോൺ.

Monday 13 October 2025 12:49 AM IST

ന്യൂഡൽഹി:മുസ്ലിം ജനസംഖ്യയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ കോൺഗ്രസ്. ഹിന്ദു-മുസ്ലിം വിദ്വേഷം പടർത്താനും വരാനിരിക്കുന്ന തിരഞ്ഞെുപ്പുകളിൽ വോട്ടർമാരിൽ ഭിന്നത സൃഷ്ടിക്കാനുമുള്ള ശ്രമമാണിതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. രാജ്യത്ത് മുംസ്ലിം ജനസംഖ്യ വർദ്ധിക്കാൻ കാരണം പാകിസ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റമാണെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞത്. രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റത്തെയും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെയും രാഷ്ട്രീയമായി കാണരുതെന്നും വോട്ടർ പട്ടിക ശരിയാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം കാരണമാണ് മുസ്ലിം ജനസംഖ്യ കൂടിയതെങ്കിൽ, കഴിഞ്ഞ 11 വർഷം ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ എന്താണ് ചെയ്തതെന്ന് പവൻ ഖേര എക്‌സിൽ കുറിച്ചു. 'താനാണ് ആഭ്യന്തര മന്ത്രിയെന്നും ഇത് തനിക്കെതിരെ തന്നെയാകുമെന്നും തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കാം ഷാ എക്‌സ് പോസ്റ്റ് നീക്കംചെയ്തത്. എന്നാൽ സത്യത്തെ മായ്ച്ചുകളയാനാകില്ല. 2005-2013 ൽ കോൺഗ്രസ് സർക്കാരുകൾ 88,792 ബംഗ്ലാദേശ് പൗരൻമാരെ നാടുകടത്തിയിട്ടുണ്ട്. ബി.ജെ.പി ഭരണത്തിൽ 11 വർഷംകൊണ്ട് 10,000ൽ താഴെ പേരെ മാത്രമാണ് നാടുകടത്തിയത് "- പവൻ ഖേര പറഞ്ഞു.