മസ്തിഷ്ക ജ്വരം ബാധിച്ച് മരണം: പട്ടാഴിയിൽ അതീവ ജാഗ്രത

Monday 13 October 2025 1:08 AM IST

കൊല്ലം: മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പട്ടാഴി സ്വദേശിനി മരിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. രണ്ടാഴ്ച മുമ്പാണ് 48 കാരിയിൽ രോഗ ലക്ഷണം കണ്ടുതുടങ്ങിയത്.

ഇരുപത്തിയെട്ടാം ഓണം പ്രമാണിച്ച് പ്രദേശത്ത് നടന്ന ഉറയടി മത്സരം കാണുന്നതിനിടയിൽ മുഖത്ത് വെള്ളം വീണിരുന്നു. മത്സരം കണ്ട പ്രദേശ വാസികളിൽ ചിലരെ പരിശോധിച്ചെങ്കിലും അവരിൽ രോഗം കണ്ടെത്താനായില്ല. അന്നുതന്നെ പ്രദേശത്തെ ജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു. ഫലം വരുന്നത് വരെ സ്ഥലത്തെ പൊതുകുളങ്ങളിലും തോടുകളിലും മറ്റും ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. നിലവിൽ പഞ്ചായത്തിലെ 13 വാർഡുകളിലെയും ജലാശയങ്ങൾ പൂർണമായി ക്ളോറിനേറ്റ് ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ. തിരവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മരണം. യുവതിയുടെ സംസ്കാരം നടത്തി. മന്ത്രി കെ.ബി.ഗണേശ് കുമാർ, കളക്ടർ എൻ.ദേവിദാസ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിഗതികൾ വിലയിരുത്തി.

ഉറവിടം കണ്ടെത്താനായില്ല കിണർ, പൈപ്പ് ലൈൻ എന്നിവയിലെ വെള്ളം യുവതി ഉപയോഗിച്ചിരുന്നു. ഇതിന് പുറമേ സമീപത്തെ അമ്പലക്കുളത്തിലും ഇറങ്ങിയിരുന്നു. ഇതിന് പുറമേ സമീപത്തെ തോട്ടിലെ ജലത്തിന്റെയും ഉൾപ്പടെ നാല് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതിന്റെ ഫലം വന്നെങ്കിലേ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയൂ.

രോഗം സ്ഥിരീകരിച്ച സമയത്ത് തന്നെ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലപരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചു.

ആരോഗ്യവകുപ്പ് അധികൃതർ