സിനിമയിൽ തുടരണം, സദാനന്ദനെ മന്ത്രിയാക്കണം: സുരേഷ് ഗോപി

Monday 13 October 2025 2:37 AM IST

കണ്ണൂർ: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തു നിന്ന് ഒഴിവാക്കി പകരം സി. സദാനന്ദൻ എം.പിയെ മന്ത്രിയാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മട്ടന്നൂരിൽ രാജ്യസഭാ എം.പി സി. സദാനന്ദന്റെ എം.പി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിന്റെ തലേന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതാണ് തനിക്ക് മന്ത്രിയാകേണ്ടെന്നും സിനിമ തുടരണമെന്നും. 'മന്ത്രിയായാൽ അതൊക്കെ വലിയ ബുദ്ധിമുട്ടാണ്. എനിക്ക് സിനിമാ അഭിനയം തുടരണം, സമ്പാദിക്കണം. എന്റെ കുഞ്ഞുങ്ങൾ എവിടെയും എത്തിയിട്ടില്ല. എന്റെ വരുമാനത്തിൽ വിശ്വസിക്കുന്ന കുറച്ച് ആൾക്കാരുണ്ട്, അവരെ സഹായിക്കണമെങ്കിൽ വരുമാനം നിലയ്ക്കാൻ പാടില്ല. ഇപ്പോൾ നല്ല തോതിൽ നിലച്ചിട്ടുണ്ട്.' സുരേഷ് ഗോപി പറഞ്ഞു. 'ഞാൻ ആത്മാർഥമായി പറയുന്നു, എന്നെ ഒഴിവാക്കി ഇദ്ദേഹത്തെ മന്ത്രിയാക്കിയാൽ അത് കേരളത്തിലെ പുതിയ രാഷ്ട്രീയ ചരിത്രമാകും. എംപിയുടെ ഓഫീസ് ഉടൻ ഒരു കേന്ദ്രമന്ത്രിയുടെ ഓഫീസായി മാറട്ടെ. ഒരു മന്ത്രിയെ ആ കസേരയിലേക്ക് പിടിച്ചിരുത്താൻ ഞാൻ എത്തണേ എന്നാണ് പ്രാർത്ഥന'..കലുങ്ക് ചർച്ചകൾക്കെതിരായ പ്രചാരണത്തിനെതിരെയും സുരേഷ് ഗോപി രംഗത്തെത്തി. 'പൂച്ചാണ്ടി കാണിച്ച് എന്നെ പേടിപ്പിക്കേണ്ട. എനിക്ക് പറയാനുള്ളത് പറഞ്ഞു തന്നെ മുന്നോട്ടുപോകും. ഒന്നിനെയും ഞാൻ വെറുതെ വിടില്ല.കലുങ്ക് സംവാദത്തിലെ 'പ്രജ' പരാമർശത്തെ ന്യായീകരിച്ചു. രംഗത്തെത്തി. 'ചിലർക്ക് പ്രജയെന്ന് കേൾക്കുന്നത് അസുഖമാണ്. പ്രജയെന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം? ഉടനെ മറുഭാഗത്ത് രാജാവുണ്ടെന്നു കരുതരുത്. നികൃഷ്ട ജീവികളുടെ തന്ത്രമാണ് വാക്കുകൾ വളച്ചൊടിക്കുന്നത്. പ്രജാതന്ത്രം എന്താണെന്ന് അവർ ആദ്യം പഠിക്കണം.എനിക്ക് ആത്യന്തികമായി മനുഷ്യനായി ജീവിക്കണം, രാഷ്ട്രീയക്കാരനായി ജീവിക്കുന്നത് എന്റെ അത്യാവശ്യമല്ല. ഞാൻ സംസാരിക്കുന്നതിൽ വേദന, കദനം, രോഷം എന്നിവ കാണാൻ സാധിക്കും. അതൊന്നും മറച്ചുപിടിച്ച്, ഇളിച്ചു നിൽക്കുന്ന രാഷ്ട്രീയക്കാരനാവാൻ എനിക്ക് താൽപര്യമില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു. സി. സദാനന്ദനെ എം.പിയായി വിലസാൻ അനുവദിക്കില്ലെന്ന സി.പി.എം നേതാവ് എം.വി ജയരാജന്റെ പരാമർശത്തിനും സുരേഷ് ഗോപി മറുപടി നൽകി. 'സദാനന്ദന്റെ പാർലമെന്റ് അംഗത്വം ജയരാജന്മാരിൽ അങ്കലാപ്പ് ഉണ്ടാക്കി. കണ്ണൂരിലേക്ക് കൈയെത്തി പിടിക്കാനുള്ള ആദ്യത്തെ വാതിൽ തുറക്കലാണിത്,' സുരേഷ് ഗോപി പറഞ്ഞു.