ബേബിക്ക് വരുമാനം ചൊരിഞ്ഞ് മൂട്ടിപ്പഴം
തൊടുപുഴ: കാട്ടുപഴക്കൃഷിയാണ് വണ്ണപ്പുറം സ്വദേശിയായ മലേക്കുടിയിൽ ബേബി എബ്രഹാമിന്റെ ജീവിതം മാർഗം. സംരക്ഷിത ഇനത്തിൽപ്പെട്ട മൂട്ടിപ്പഴക്കൃഷിയുള്ള കേരളത്തിലെ ഏക കർഷകൻ. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ആദിവാസി മൂപ്പനാണ് ബേബിയുടെ സഹോദരന് മൂട്ടിപ്പഴത്തിന്റെ തൈ നൽകിയത്. 2015ലാണ് കൃഷി തുടങ്ങിയത്. ഇപ്പോഴത് ഒന്നരയേക്കറിലേക്ക് വ്യാപിച്ചു. ഇതിനായി 400 തൈകളും നട്ടു.
50 മരങ്ങളിൽ നിന്ന് വിളവെടുക്കുന്നുണ്ട്. ഒരു മരത്തിൽ നിന്ന് ശരാശരി 10 കിലോ ഫലം കിട്ടും. ജൂൺ, ജൂലായ് മാസങ്ങളിലാണ് വിളവെടുപ്പ്. പ്രതിവർഷം 500 കിലോ വരെ ലഭിക്കും. കിലോയ്‌ക്ക് 150 രൂപ മുതൽ 200 വരെയാണ് വില. വിളവെടുപ്പിന് ശേഷം ബേബിയുടെ വീട്ടിൽ വച്ചാണ് വില്പന. പ്രോട്ടീൻ, വിറ്റാമിൻ - സി, കാർബോ ഹൈഡ്രേറ്റ് എന്നിവയാൽ സമ്പുഷ്ടമായ മൂട്ടിപ്പഴം വാങ്ങാൻ മറ്റ് ജില്ലകളിൽ നിന്നും ആവശ്യക്കാരെത്തുന്നുണ്ട്. വില്പനയ്ക്ക് കൃഷിവകുപ്പിന്റെ ലൈസൻസും നേടി. പഴം അച്ചാറാക്കിയും വിൽക്കുന്നുണ്ട്.
നാലുവർഷം കൊണ്ട് വിളവെടുക്കാം
മൂട്ടിപ്പഴത്തിന്റെ തൈയും വിൽക്കുന്നുണ്ട്. 300 രൂപ മുതലാണ് വില. നാല് വർഷം കൊണ്ട് വിളവെടുക്കാം. ചുവപ്പ് നിറത്തിലുള്ള കായ്‌ക്ക് വലിയ നെല്ലിക്കയുടെ വലിപ്പമുണ്ടാകും. ഇതിൽ മൂന്ന് വിത്തുമുണ്ട്. മരത്തിന് 15 അടിവരെ ഉയരമുണ്ടാകും. എം.ബി-1 (മലേക്കുടി ബേബി) എന്ന പേരിൽ പുതിയ തൈയും വികസിപ്പിച്ചു. ഇതിന് മധുരം കൂടുതലും പുളി കുറവാണ്. വനത്തിലെ പഴത്തിന് പുളി കൂടുതലും മധുരം കുറവുമാണ്. 2019ൽ കൃഷിമന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാർ ബേബിയുടെ കൃഷിയിടം സന്ദർശിച്ച് തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ഇതേത്തുടർന്നാണ് കൃഷി വിപുലീകരിച്ചത്. 2011-12 വർഷത്തിൽ വനംവകുപ്പിന്റെ വനമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്. അടുത്തിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പഴം നൽകിയിരുന്നു. ഭാര്യ ലിസിയും മക്കളായ ജെറിനും ജെന്റിനയും പിന്തുണയുമായി ബേബിക്കൊപ്പമുണ്ട്.
'പ്രത്യേക പരിചരണം ആവശ്യമില്ല. പറമ്പിൽ ഇടവിളയായി കൃഷി ചെയ്യാം".
-ബേബി എബ്രഹാം ( കർഷകൻ)