അലീസ, അരേവാഹ്
വിശാഖ പട്ടണം: വനിതാ ഏകദിന ലോകകപ്പിൽ ഇന്നലെ റൺമഴ പെയ്ത മത്സരത്തിൽ ഇന്ത്യ 3 വിക്കറ്റിന് ഓസ്ട്രേലിയയോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 330 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ ഒരോവർ ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി (331/7). വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് വിജയമാണിത്. ക്യാപ്ടന്റെ ഇന്നിംഗ്സുമായി കളം നിറഞ്ഞ് തകർപ്പൻ സെഞ്ച്വറി നേടിയ അലീസ ഹീലിയാണ് ( 107 പന്തിൽ 102) ചേസിംഗിൽ ഓസ്ട്രേലിയയുടെ മുന്നണിപ്പോരാളിയായത്. 21 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് ഹീലിയുടെ ഇന്നിംഗ്സ്.എല്ലിസ് പെറി (47 നോട്ടൗട്ട്), ആഷ് ഗാർഡ്നർ (45), പീബി ലിച്ച്ഫീൽഡ് (40 ) എന്നിവരും തിളങ്ങി.വ്യക്തിഗത സ്കോർ 32ൽ നിൽക്കെ പേശിവലിവിനെ തുടർന്ന് എല്ലിസ് പെറി റിട്ടയേർഡ് ഹർട്ടായിരുന്നു. ഇന്ത്യയ്ക്കായി ചരിണി 3 വിക്കറ്റ് വീഴ്ത്തി. നേരത്തേ ഓപ്പണർമാരായ സ്മൃതി മന്ഥനയും (66 പന്തിൽ 80), പ്രതിക റാവലും (75) നൽകിയ തുടക്കമാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും 147 പന്തിൽ 155 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.സ്മൃതിയെ ലിച്ച് ഫീൽഡിന്റെ കൈയിൽ എത്തിച്ച് സോഫി മോളിന്യൂസാണ ്ഓസീസിന് ബ്രേക്ക് ത്രൂ നൽകിയത്. സ്മൃതി 3 സിക്സും 9 ഫോറും നേടി. ഹർലീൻ ഡിയോൾ (38), ജമീമ റോഡ്രിഗസ് (21 പന്തിൽ33), റിച്ച ഘോഷ് (22 പന്തിൽ 32), ക്യാപ്ടൻ ഹർമ്മൻപ്രീത് കൗർ (22) എന്നിവരും തിളങ്ങി. എന്നാൽ മുൻനിര തിളങ്ങിയപ്പോൾ ഇന്നലെ വാലറ്റം നിരാശപ്പെടുത്തി. 42.5 ഓവറിൽ 294/4 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് 36 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായി. ഓസീസിനായി അന്നബെൽ സതർലാൻഡ് 5 വിക്കറ്റ് നേടി. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.ടൂർണമെന്റിൽ ഇതുവരെ തോൽവിഅറിയാത്ത ഓസീസ് 7 പോയിന്റുമായി ഒന്നാമതാണ്.
ഇന്ന്
ദക്ഷിണാഫ്രിക്ക - ബംഗ്ലാദേശ്
റെക്കാഡ് സ്മൃതി
1000- വനിതാ ഏകദിനത്തിൽ ഒരു കലണ്ടർവർഷം 1000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി സ്മൃതി മന്ഥന. 18 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ നേട്ടം. ഇന്നലത്തെ ഇന്നിംഗ്സിന് മുൻപ് 1000 റൺസ് തികയ്ക്കാൻ സ്മൃതിക്ക് 18 റൺസ് കൂടി മതിയായിരുന്നു.
5000- വനിതാ ഏകദിനത്തിൽ 5000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 29കാരിയായ സ്മൃതി. വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന താരവും സ്മൃതി (112 ഇന്നിംഗ്സ്, 5569 പന്തുകൾ) തന്നെ.