സൂപ്പർ ലീഗിൽ ഗോൾരഹിത സമനില

Monday 13 October 2025 8:20 AM IST

മഞ്ചേരി: സൂപ്പർ ലീഗ് കേരളയിലെ മലപ്പുറം എഫ്.സിയും കണ്ണൂർ വാരിയേഴ്സ് എഫ്.സിയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

നിറഞ്ഞ ഗാലറിക്ക് മുൻപിൽ കൃത്യമായ ആസൂത്രണമില്ലാതെയായിരുന്നു തുടക്കത്തിൽ ഇരുടീമുകളും പന്ത് തട്ടിയത്. ആദ്യ അര മണിക്കൂറിൽ ഗോൾ സാദ്ധ്യതയുള്ള ഒരു നീക്കം പോലുമുണ്ടായില്ല.

മുപ്പത്തിയേഴാംമിനിറ്റിൽ കോർണർ ഫ്ളാഗിന് സമീപത്ത് നിന്ന് ജിതിൻ പ്രകാശ് എടുത്ത ത്രോ നേരെ കണ്ണൂർ പോസ്റ്റിന് മുന്നിലെത്തി. ഗനി നിഗം പന്ത് കൃത്യമായി നീക്കി നൽകിയെങ്കിലും സൂപ്പർ താരം റോയ് കൃഷ്ണയ്ക്ക് ഫിനിഷ് ചെയ്യാനായില്ല. കരീം സാമ്പ്, ലവ് സാംബ, എസിയർ ഗോമസ് ത്രയത്തിന്റെ മികവിൽ കണ്ണൂർ ആദ്യ പകുതിയിൽ ഏതാനും മുന്നേറ്റങ്ങൾ നടത്തി. ഫിനിഷിംഗിലെ പിഴവുകൾ സന്ദർശകർക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മലപ്പുറത്തിന്റെ ജിതിൻ പ്രകാശിന് പരുക്കൻ കളിക്ക് റഫറിയുടെ മഞ്ഞക്കാർഡ് ലഭിച്ചു. 56-ാം മിനിറ്റിൽ കണ്ണൂരിന്റെ മനോജ് നൽകിയ ക്രോസിന് ഷിജിൻ കൃത്യമായി തലവച്ചെങ്കിലും മലപ്പുറം ഗോളി മുഹമ്മദ് അസ്ഹർ രക്ഷകനായി. ഗനി നിഗത്തിന് പകരം ആതിഥേയർ അഖിൽ പ്രവീൺ കുമാറിനെ കളത്തിലിറക്കി. മുഹമ്മദ് റിഷാദ്, ജോൺ കെന്നഡി എന്നിവരും പകരക്കാരായി എത്തി. കണ്ണൂർ സയ്യിദ് മുഹമ്മദ് നിദാൽ, എസ്. ഗോകുൽ എന്നിവർക്കും അവസരം നൽകി. ബ്രസീലുകാരൻ ജോൺ കെന്നഡിയെ മുന്നിൽ നിറുത്തിയുള്ള മലപ്പുറത്തിന്റെ അവസാന ശ്രമങ്ങളും ലക്ഷ്യം കാണാതെ പോയപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ ആദ്യ സമനിലയാണിത്. 17427 പേർ ഇന്നലെ മത്സരം കാണാനെത്തി.

മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒക്ടോബർ 17 ന് തിരുവനന്തപുരം കൊമ്പൻസ്, തൃശൂർ മാജിക് എഫ്.സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.