ഫോളോണിൽ ഫോമായി വിൻഡീസ്
ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ വെസ്‌റ്റിൻഡീസ് പൊരുതുന്നു. മൂന്നാം ദിനം ഫോളോൺ ചെയ്യുന്ന വിൻഡീസ് സ്റ്റമ്പെടുക്കുമ്പോൾ 173/2 എന്ന നിലയിലാണ്. ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ 8 വിക്കറ്റ് കൈയിലിരിക്കെ വിൻഡീസിന് 97 റൺസ് കൂടിവേണം. മൂന്നാം ദിനമായ ഇന്നലെ 140/4എന്ന നിയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച വിൻഡീസ് 248 റൺസിന് ഓൾ ഔട്ടായി. ഇതോടെ 270 റൺസിന്റെ വമ്പൻ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യ വിൻഡീസിനെ ഫോളോൺ ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. ഇന്ത്യ നേരത്തേ ഒന്നാം ഇന്നിംഗ്‌സ് 518/5 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.
ഫൈവ്‌സ്റ്റാർ കുൽദീപ്
അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവാണ് ഒന്നാം ഇന്നിംഗ്‌സിൽ ഇന്നലെ വിൻഡീസിന്റെ അന്തകനായത്. ഇന്നലെ ആദ്യ സെക്ഷനിൽ തന്നെ വിൻഡീസിന് 4 വിക്കറ്റുകൾ നഷ്‌ടമായി. ഷായ് ഹോപ്പ് (35),ടെവിൻ ഇംലാക്ക് (21),ജസ്റ്റിൻ ഗ്രീവ്സ് (17) എന്നിവരെ കുൽദീപും ജോമെൽ വാറികാനെ (1) സിറാജും പുറത്താക്കിയതോടെ 175/8 എന്ന നിലയിലായി വിൻഡീസ്. എന്നാൽ തുടർന്ന് 9,10 വിക്കറ്റുകളിൽ ബൗളർമാർ ബാറ്റ് കൊണ്ട് നടത്തിയ ചെറുത്ത് നില്പാണ് വിൻഡീസിനെ 248ൽ എത്തിച്ചത്.9-ാം വിക്കറ്റിൽ ആൻഡേഴ്സൺ ഫിലിപ്പ് ( 93 പന്തിൽ 24 നോട്ടൗട്ട്) ഖാരി പിയറേയുമായി 101 പന്തിൽ 46 റൺസിന്റെയും പത്താം വിക്കറ്റിന്റെ ജെയ്ഡൻ സീലുമായി (13) 27 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കി.പിയറേയെ ബുംറ പുറത്താക്കിയപ്പോൾ ലാസ്റ്റ്മാൻ സീലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി കുൽദീപ് വിൻഡീസ് ഇന്നിംഗ്‌സിന് തിരശീലയിട്ട് അഞ്ച് വിക്കറ്റ് നേട്ടം ഉറപ്പിച്ചു. ജഡേജ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ഫോളോണിൽ ഹോപ്പ്
ഫോളോൺ ചെയ്യാനിറങ്ങിയ വിൻഡീസിന് ടാഗ്‌നരെയ്ൻ ചന്ദർപോളിന്റെ (10) വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. സിറാജിന്റെ പന്തിൽ ഷോട്ട് മിഡ് വിക്കറ്റിൽ നിന്ന് ഓടിയെത്തി ക്യാപ്ടൻ ഗിൽ എടുത്ത് ക്യാച്ച് മനോഹരമായിരുന്നു. അധികം വൈകാതെ അലിക് അതെനാസിനെ (7) സുന്ദർ ക്ലീൻബൗൾഡാക്കി. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച ജോൺ കാമ്പെല്ലും (87 നോട്ടൗട്ട്), ഷായ് ഹോപ്പും (66 നോട്ടൗട്ട്) വിൻഡീസിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. ഇന്ത്യൻ ബൗളിംഗിനെ ശ്രദ്ധയോടെ നേരിട്ട ഇരുവരും തകർക്കപ്പെടാത്ത മൂന്നാം വിക്കറ്റിൽ 208 പന്തിൽ 138 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി കഴിഞ്ഞു. 35/2 എന്ന നിലയിലാണ് ഇരുവരും ക്രീസിൽ ഒന്നിച്ചത്.