'പഠിക്കാൻ മിടുക്കി, തുടർ പഠനം ഉറപ്പുവരുത്തും'; മലപ്പുറത്തെ ശെെശവ വിവാഹ നീക്കത്തിൽ ശക്തമായ നടപടിയ്ക്ക് സിഡബ്ല്യൂസി
മലപ്പുറം: കോട്ടക്കലിൽ ഒമ്പതാം ക്ലാസുകാരിയുടെ വിവാഹം നിശ്ചയിച്ച സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി (സിഡബ്ല്യൂസി). പഠിക്കാൻ മിടുക്കിയായ കുട്ടിക്ക് തുടർപഠനം ഒരുക്കുമെന്നും സിഡബ്ല്യൂസി അംഗം അഡ്വ. പി ജാബിർ പറഞ്ഞു. 21 വയസുവരെ കുട്ടിക്ക് സംരക്ഷണം നൽകാൻ കഴിയുമെന്നും ഭാവി സുരക്ഷിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതിശ്രുത വരനടക്കം പത്ത് പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസെടുത്തിട്ടുണ്ട്.
കാടാമ്പുഴ മാറാക്കര പഞ്ചായത്തിലെ മരവട്ടത്ത് ശനിയാഴ്ച ഉച്ചയോടെയാണ് വിവാഹമുറപ്പിക്കുന്നതിന്റെ ഭാഗമായി 22കാരനായ പ്രതിശ്രുത വരനും കുടുംബവും 14 കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് മധുരം നൽകി. ഇരുകൂട്ടരും ബന്ധുക്കളാണ്. പരിസരവാസികൾ വിവരം നൽകിയതിനെതുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹത്തിനുള്ള ശ്രമവുമായി മുന്നോട്ടു പോകരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കുടുംബം ചടങ്ങുകളുമായി മുന്നോട്ടു പോയതോടെ കാടാമ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ വി.കെ.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു. പെൺകുട്ടിയെ മലപ്പുറം സ്‌നേഹിതിലേക്ക് മാറ്റി.