ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ്? സംശയം പ്രകടിപ്പിച്ച് വിജിലൻസ് റിപ്പോർട്ട്

Monday 13 October 2025 10:54 AM IST

തിരുവനന്തപുരം: ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് ആണോയെന്ന് സംശയിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞതാണ് സംശയത്തിന് കാരണം. ഹൈദരാബാദിൽ നാഗേഷ് എന്നയാളുടെ കൈക്കൽ പാളികൾ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലൻസ് സംശയം പ്രകടിപ്പിച്ചു. വരുമാനം ഇല്ലാത്ത ഉണ്ണികൃഷ്‌‌ണൻ പോറ്റി തുടർച്ചയായി നടത്തിയ വഴിപാടുകളും ലക്ഷങ്ങളുടെ സംഭാവനയും സ്‌പോൺസർഷിപ്പിലും വിജിലൻസിന് സംശയമുണ്ട്.

ശബരിമല സ്വർണ കവർച്ചയിൽ ഉണ്ണികൃഷ്‌ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിലെടുത്തേക്കും എന്നാണ് വിവരം. സന്നിധാനത്തും ബംഗളൂരുവിലും ഉൾപ്പെടെയെത്തി പ്രത്യേക അന്വേഷണ സംഘം നിർണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മോഷ്‌ടിക്കപ്പെട്ട സ്വർണം കണ്ടെത്തുക, ദ്വാരപാലക പാളികൾ വ്യാജമായി നിർമിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തുക എന്നിവയ്‌ക്കാണ് ആദ്യഘട്ട അന്വേഷണത്തിൽ പ്രാധാന്യം നൽകുന്നത്.