നാട്ടുകാരുടെ പ്രിയപ്പെട്ടവൻ, കഷ്ടപ്പെട്ട് പഠിച്ച് നേടിയെടുത്ത സർക്കാർ ജോലി; സോണിയുടെ മരണത്തിൽ വിറങ്ങലിച്ച് ഇളമ്പ ഗ്രാമം
ആറ്റിങ്ങൽ: അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ സോണി എസ് കുമാറിന്റെ (36) അപ്രതീക്ഷിത വിയോഗം നാടിന്റെ തീരാ നൊമ്പരമായി. നെടുവത്തൂരിൽ കിണറ്റിൽ അകപ്പെട്ട യുവതിയെ രക്ഷിക്കുന്നതിനിടെ കിണറിന്റെ കൈവരി തകർന്ന് വീണാണ് ഇളമ്പ സ്വദേശിയായ സോണി ഇന്ന് പുലർച്ചെ മരിച്ചത്. 80 അടി താഴ്‌ചയുള്ള കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടം ഉണ്ടായത്.
ഇളമ്പ ഹൈസ്കൂളിന് സമീപം ഹൃദ്യയിൽ ശ്രീകുമാർ - ലളിത ദമ്പതികളുടെ മൂത്ത മകൻ സോണി എസ് കുമാർ, 2016 ജനുവരിയിലാണ് അഗ്നിശമന സേനയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ആദ്യ നിയമനം എറണാകുളം ഏലൂരിലായിരുന്നു. ഇപ്പോൾ കൊട്ടാരക്കരയിലാണ് ജോലി നോക്കുന്നത്. സോണിയുടെ ഭാര്യ ആശ്വതി നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അദ്ധ്യാപികയാണ്. മകൾ ഹൃദ്യ (2). സഹോദരി സിമി ജോലിസ്ഥലമായ യുകെയിലേക്ക് ഇന്ന് വൈകുന്നേരം പോകാൻ ഇരിക്കവേയാണ് നാടിനെ നടുക്കിയ ദുരന്തവാർത്ത എത്തുന്നത്.
ശാന്ത സ്വഭാവമുള്ള സോണി നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്നു. ഗ്രന്ഥശാലയിലെ പിഎസ്‌സി പഠനകൂട്ടയ്മയുടെ എക്സിക്യൂട്ടിവ് അംഗമായിരുന്നു. നാട്ടിലെ യുവാക്കളെ സർക്കാർ ജോലി എന്ന ലക്ഷ്യത്തിലെത്തിക്കാൻ അദ്ദേഹം മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഈ ഗ്രന്ഥശാലയിൽ നിന്ന് പഠിച്ച് നിരവധി യുവാക്കളാണ് സർക്കാർ ജോലി കരസ്ഥമാക്കിയത്. അതിലെല്ലാം സോണിയുടെ പങ്ക് വലുതാണെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് വർഷം മുൻപാണ് സോണി പുതിയ വീട് വച്ചത്. സോണിക്ക് ജനങ്ങളുമായി വളരെ അടുത്ത ബന്ധമായിരുന്നുവെന്നും ബന്ധുവായ ഹരി കേരളകൗമുദി ഓൺലെെനിനോട് പറഞ്ഞു. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഇളമ്പയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.