യഥാർത്ഥ ദ്വാരപാലക ശില്‌പപാളികൾ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സഹായി വിറ്റു? അടിച്ചുമാറ്റിയത് 222 പവൻ

Monday 13 October 2025 11:27 AM IST

തിരുവനന്തപുരം: ശബരിമലയിലെ യഥാർത്ഥ ദ്വാരപാലക ശില്‌പപാളികൾ ഹൈദരാബാദ് സ്വദേശി നാഗേഷ് കൈവശപ്പെടുത്തുകയോ വിൽക്കുകയോ ചെയ്‌തിരിക്കാമെന്ന സംശയത്തിൽ പ്രത്യേക അന്വേഷണ സംഘം. സ്‌പോൺസർ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പ്രധാന സഹായിയായ നാഗേഷിന്റെ സ്ഥാപനത്തിലാണ് സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ഏറെനാൾ സൂക്ഷിച്ചിരുന്നത്. സ്വർണം പൂശാനായി ഇവ ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടെയാണ് പാളികളുടെ ഭാരത്തിൽ നാലരക്കിലോയുടെ വ്യത്യാസമുണ്ടായത്.

ദ്വാരപാലക ശില്‌പ പാളികളിൽ നിന്ന് മാത്രം ഉണ്ണികൃഷ്‌ണൻ പോറ്റി 200 പവനിലേറെ സ്വർണം അടിച്ചുമാറ്റിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. 1999ൽ സ്വർണം പൊതിഞ്ഞശേഷം ശില്‌പ പാളികളിൽ 258 പവൻ സ്വർണമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അവശേഷിക്കുന്നത് വെറും 36 പവൻ മാത്രമാണ്. 222 പവൻ സ്വർണമാണ് ഇതിൽ കുറവുവന്നത്.

അതേസമയം, ഉണ്ണികൃഷ്‌ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിലെടുത്തേക്കും എന്നാണ് വിവരം. സന്നിധാനത്തും ബംഗളൂരുവിലും ഉൾപ്പെടെയെത്തി പ്രത്യേക അന്വേഷണ സംഘം നിർണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മോഷ്‌ടിക്കപ്പെട്ട സ്വർണം കണ്ടെത്തുക, ദ്വാരപാലക പാളികൾ വ്യാജമായി നിർമിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തുക എന്നിവയ്‌ക്കാണ് ആദ്യഘട്ട അന്വേഷണത്തിൽ പ്രാധാന്യം നൽകുന്നത്. വരുമാനം ഇല്ലാത്ത ഉണ്ണികൃഷ്‌‌ണൻ പോറ്റി തുടർച്ചയായി നടത്തിയ വഴിപാടുകളും ലക്ഷങ്ങളുടെ സംഭാവനയും സ്‌പോൺസർഷിപ്പിലും വിജിലൻസിന് സംശയമുണ്ട്.