സംസ്ഥാനത്ത് വീണ്ടും ആശങ്ക; അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു, രണ്ട് കുട്ടികൾക്ക് കൂടി രോഗബാധ

Monday 13 October 2025 12:54 PM IST

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരത്തിൽ സംസ്ഥാനത്ത് വീണ്ടും ആശങ്ക. ഇന്ന് ഒരാൾ മരിക്കുകയും രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 15പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

ഇന്നലെ പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ 62കാരനായ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്‌ടോബർ അഞ്ചിന് ചികിത്സ തേടി ഇദ്ദേഹം കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് എത്തിയിരുന്നു. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗസൂചന ലഭിച്ചത്. എട്ടാം തീയതി രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ രോഗി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ പരിശോധനയും തുടരുന്നുണ്ട്.