വിദ്യാർത്ഥിനി ഹിജാബ് ധരിച്ചെത്തിയതിൽ തർക്കം; കൊച്ചിയിലെ സ്കൂൾ അടച്ചിട്ടു, മാനേജ്‌മെന്റിനെതിരെ രക്ഷിതാവ്
കൊച്ചി: ഹിജാബിനെച്ചൊല്ലിയുളള തർക്കത്തെ തുടർന്ന് എറണാകുളത്തെ സ്കൂൾ അടച്ചിട്ടു. പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളാണ് അടച്ചിട്ടത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും യൂണിഫോമിന്റെ ഭാഗമല്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ഇത് തർക്കത്തിലെത്തുകയും സ്കൂൾ അടച്ചിടുകയുമായിരുന്നു.
ഈ പ്രശ്നത്തിന്റെ പേരിൽ പുറത്തുനിന്ന് ചിലരെത്തി സ്കൂളിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നും അതുകൊണ്ട് അടച്ചിട്ടെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചതോടെ പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയായിരുന്നു. കുട്ടികൾ മാനസിക സമ്മർദ്ദത്തിൽ ആയതിനാൽ രണ്ടു ദിവസം സ്കൂൾ അടച്ചിട്ടിരിക്കുന്നതെന്നാണ് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന അറിയിച്ചത്. കോടതി പരിഗണനയിലുളള വിഷയമായതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
എന്നാൽ ഹിജാബ് ധരിച്ച് സ്കൂളിൽ വരാൻ സാധിക്കുമെന്നാണ് വിദ്യാർത്ഥിനിയുടെ രക്ഷിതാവിന്റെ വാദം. മുൻപ് പഠിച്ച സ്കൂളിൽ ഹിജാബ് ധരിച്ച് ക്ലാസിലെത്തുന്നതിന് പ്രശ്നമില്ലായിരുന്നുവെന്നും ഇപ്പോൾ മനഃപൂർവ്വം മാനേജ്മെന്റ് പ്രശ്നമുണ്ടാകുകയാണെന്നും രക്ഷിതാവ് പ്രതികരിച്ചു. അതേസമയം, സ്കൂളിൽ യൂണിഫോം മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ പഠിപ്പിക്കാൻ തയാറാണെന്നും എന്നാൽ സ്കൂളിന്റെ നിയമങ്ങൾ അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ വിദ്യാഭ്യാസ അധികൃതർ സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.