ഭൂതത്താൻകെട്ടിലും കാണാം ഒരു ചരിഞ്ഞ ഗോപുരം

Tuesday 14 October 2025 1:25 AM IST
ഭൂതത്താൻകെട്ടിൽ അപകടാവസ്ഥയിലുള്ള വാച്ച് ടവർ

കോതമംഗലം: സഞ്ചാരികൾക്ക് ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിർമ്മിച്ച വാച്ച് ടവർ നോക്കുകുത്തിയായി. ഇതിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ട് വർഷങ്ങൾ കഴിയുന്നു. നിർമ്മാണം പൂർത്തിയാക്കി കുറച്ചുകാലം പ്രവേശനാനുമതി ഉണ്ടായിരുന്നു. പിന്നിട് വാതിലിന് താഴിട്ടു. സന്ദർശകർ വാതിൽ കണ്ടെത്താൻ ചുറ്റും നടന്ന ശേഷം നിരാശരായി മടങ്ങുകയാണ് പതിവ്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ടവറിന് നാല് നില കെട്ടിടത്തോളം ഉയരമുണ്ട്. പെരിയാറും നിബിഢ വനവും മാനം മുട്ടേയുള്ള മലനിരകളും ഡാമും തടാകവും എല്ലാം ഉയരക്കാഴ്ചയിൽ ആസ്വദിക്കാനുള്ള ഇടമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഇത് വെറുമൊരു കെട്ടുകാഴ്ച മാത്രമായി മാറി.

ടവറിന്റെ ബലക്ഷയം തിരിച്ചടിയായി

വാച്ച് ടവറിലേക്കുള്ള പ്രവേശനം തടഞ്ഞത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അധികൃതർ കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല. ടവറിന്റെ ബലക്ഷയമാണ് പ്രശ്നം എന്നതാണ് ഔദ്യോഗിക രഹസ്യം. ഒരു വശത്തേക്ക് ടവർ ചരിയുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തറയിൽ വിരിച്ചിട്ടുള്ള ടൈലുകൾ ഇളകിയ നിലയിലാണ്. അടിത്തറയ്ക്ക് ഉറപ്പില്ലാത്തതാണ് ടവറിന്റെ ബല ക്ഷയത്തിന് കാരണം. പുഴയോരത്ത് ഇത്രയും ഉയരത്തിലുള്ള നിർമ്മിതിക്ക് ആവശ്യമായ അടിത്തറ ഉണ്ടായിരുന്നില്ലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഒരു ചരിഞ്ഞ ഗോപുരമായി വാച്ച് ടവർ മാറുകയാണ്.

സഞ്ചാരികൾക്ക് അന്യമായി ഏറുമാടവും

വാച്ച് ടവറിന് കുറച്ച് മാത്രം മാറി ഒരു ഏറുമാടം ഉണ്ട്. മരത്തിന് മുകളിൽ ഇരുമ്പ് ഏഡറുകൾ കൊണ്ട് നിർമ്മിച്ചതാണ് ഈ ഏറുമാടം. സഞ്ചാരികളെ ആകർഷിച്ചിരുന്ന ഒന്നായിരുന്നു ഇത്. ഈ എറുമാടവും നാശത്തിന്റെ വക്കിലാണ്. പരിപാലനമില്ലാത്തതിനാൽ ഇരുമ്പ് ഭാഗങ്ങൾ തുരുമ്പെടുത്ത അവസ്ഥയിലാണ്. കാടുമൂടിയിട്ടുമുണ്ട്.