കൊച്ചിയിലെ തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തുന്നിച്ചേർത്തു

Monday 13 October 2025 3:27 PM IST

കൊച്ചി: വടക്കൻ പറവൂരിൽ ഇന്നലെ തെരുവുനായ ആക്രമണത്തിനിരയായ മൂന്ന് വയസുകാരിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. നായ കടിച്ചെടുത്ത കുട്ടിയുടെ ചെവി പ്ലാസ്‌റ്റിക് സർജറിയിലൂടെ തുന്നിച്ചേർത്തു. മേക്കാട് വീട്ടിൽ മിറാഷിന്റെ മകൾ നിഹാരികയുടെ ചെവിയാണ് തുന്നിച്ചേർത്തത്. നിലവിൽ കുട്ടി എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശസ്‌ത്രക്രിയ പൂർണമായും വിജയിച്ചോ എന്ന് രണ്ട് ദിവസത്തിന് ശേഷമേ പറയാൻ സാധിക്കൂവെന്ന് ഡോക്‌ടർമാർ പറഞ്ഞു.

ഇന്നലെ വൈകിട്ട് വീടിന് സമീപമുള്ള അമ്പലപ്പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് നിഹാരികയെ തെരുവുനായ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഉടൻതന്നെ കുട്ടിയെ കളമശേരി മെഡിക്കൽ കോളേജിലും അവിടെ നിന്ന് എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്‌പ്പ് നൽകിയിട്ടുണ്ട്. നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. നായയ്‌ക്ക് പേവിഷബാധ ഏറ്റോയെന്ന് പരിശോധിക്കും. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.