മദ്യപിച്ചെത്തി മർദനം, വീഡിയോ പകർത്തി അർച്ചന; കൊല്ലത്ത് മൂന്നുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Monday 13 October 2025 3:32 PM IST

കൊല്ലം: കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്നുപേർ മരിച്ച അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെ 80 അടി താഴ്‌ചയുള്ള കിണറിന്റെ കൈവരി ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശി അർച്ചന (33), സുഹൃത്ത് ശിവകൃഷ്‌ണൻ (22), രക്ഷിക്കാനെത്തിയ കൊട്ടാരക്കരയിലെ അഗ്നിരക്ഷാ യൂണിറ്റ് അംഗം തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ (36) എന്നിവരാണ് മരിച്ചത്.

അർച്ചനയുടെ സുഹൃത്തായ ശിവകൃഷ്ണൻ സ്ഥിരം മദ്യപാനി ആണെന്നാണ് വിവരം. മദ്യപിച്ച് എത്തിയശേഷം ശിവകൃഷ്ണൻ അർച്ചനയുമായി വഴക്കുണ്ടാക്കാറുണ്ടെന്നും അയൽവാസികൾ പറയുന്നു. ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. തർക്കത്തിനിടെ മർദനമേറ്റ അർച്ചന കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് വിവരം.

ശിവകൃഷ്ണന്റെ ആക്രമണത്തിൽ തന്റെ മുഖത്ത് പരിക്കേറ്റതിന്റെ വീഡിയോയും ചിത്രങ്ങളും ഇന്നലെ അർച്ചന തന്റെ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. അർച്ചന കിണറ്റിൽ ചാടിയ വിവരം ഫയർഫോഴ്സിനെ അറിയിച്ചത് ശിവകൃഷ്ണനാണ്. തുടർന്ന് യുവതിയെ പുറത്തെത്തിക്കാൻ ഫയർഫോഴ്‌സ് യൂണിറ്റംഗം സോണി റോപ്പ് അടക്കം സംവിധാനങ്ങളുപയോഗിച്ച് കിണറ്റിലേക്കിറങ്ങി. ഈ സമയം അർച്ചനയ്ക്ക് ജീവനുണ്ടായിരുന്നു.

യുവതിയെ മുകളിലേക്ക് കയറ്റുന്നതിനിടെ കിണറിന്റെ കൈവരിയിടിഞ്ഞ് ഇവരുടെ മേൽ വീണു. കൈവരിക്ക് സമീപം നിന്ന ശിവകൃഷ്‌ണനും ഇതോടെ അപകടത്തിൽപെട്ടു. ശിവകൃഷ്ണൻ ടോർച്ച് തെളിയിച്ച് കിണറിന്റെ കെെവരിയോട് ചേർന്നാണ് നിന്നിരുന്നത്. കെെവരി ഇടിയാൻ സാദ്ധ്യത മുന്നിൽ കണ്ട് അവിടെ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും അത് അനുസരിക്കാൻ ശിവകൃഷ്ണൻ കൂട്ടാക്കിയില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.