പരിക്കിലും പതറാതെ മിഷേൽ

Monday 13 October 2025 7:06 PM IST

കൊച്ചി: ജില്ലാ കായികമേളയിൽ നാലുവട്ടം മത്സരിച്ചപ്പോഴും എത്തിപ്പിടിക്കാനാവതെ മെഡൽ കൈപ്പിടിയിലൊതുക്കിയതന്റെ സന്തോഷത്തിലാണ് മിഷേൽ. ഇതോടെ സീനിയർ ഗേൾസിന്റെ 400 മീറ്റർ ഹർഡിസിൽ സ്വർണം ഓടിയെടുത്ത മിഷേൽ മരിയ ജോസഫിന്റെ നേട്ടത്തിന് പത്തരമാറ്റ്. ജാവ്‌ലിൻ ത്രോ പരിശീലനത്തിനിടെ വലത് തോളിനേറ്റ പരിക്ക് പുർണമായും ഭേദമാകാതെയാണ് മാർ അഗസ്റ്റിൻ എച്ച്.എസ്.എസിന്റെ താരം മത്സരിക്കാൻ ഇറങ്ങിയത്. ടൈം ട്രൈയലായി നടത്തിയ മത്സരത്തിൽ മിഷേലിന്റെ വേഗത്തിന് അടുത്തുപോലും ആരുമെത്തിയില്ല. അവസാന കായികമേളയിൽ നിന്ന് ആദ്യ സ്വർണവും സ്വന്തമാക്കി.

അവധിക്കാല പരിശീലന ക്ലാസിനിടെ എസ്.എച്ച്.ഒ.എച്ച്.എസിന്റെ കായിക പരിശീലകനായ ശ്യാമാണ് മിഷേലിന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത്. മികച്ച പരിശീലനം നൽകിയതോടെ സബ് ജില്ലയിൽ ജാവ്‌ലിനിലും ഹർഡിൽസിലും എതിരാളികളില്ലാതെയായി. പരിക്കുണ്ടെങ്കിലും നാളെ നടക്കുന്ന ജാവ്‌ലിൻ ത്രോയിൽ മാറ്റുരയ്ക്കുന്നുണ്ട്. പരേതനായ ജോസഫിന്റെയും പെരുമ്പാവൂർ ഗവ.ഗേൾസ് സ്‌കൂളിലെ അദ്ധ്യാപികയുമായി വിൻസിയുടെയും മകളാണ്.