ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളിൽ നിന്ന് കുടുംബത്തിന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം

Monday 13 October 2025 7:06 PM IST

ന്യൂഡൽഹി: ‌ ദീപാവലിയോടനുബന്ധിച്ച് വീട്ടിലെ പഴയ സാധനങ്ങൾ വൃത്തിയാക്കുന്നതിനിടെ കുടുംബത്തിന് ലഭിച്ചത് ലക്ഷങ്ങളുടെ നിധി. പഴയ 2000 രൂപ നോട്ടുകെട്ടുകളായി രണ്ട് ലക്ഷം രൂപയാണ് ഇവർക്ക് കിട്ടിയത്. ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യാനായി ദീപാവലിക്ക് മുന്നോടിയായി വീടുകൾ വൃത്തിയാക്കി അലങ്കരിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവാണ്. ഈ പതിവ് ശുചീകരണത്തിനിടെയാണ് പഴയ ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സിനുള്ളിൽ നോട്ട് കെട്ടുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഗൃഹനാഥൻ മറന്നുവച്ച പണമാണ് ഇതെന്നാണ് കുടുംബം കരുതുന്നത്.

ഈ വർഷത്തെ ഏറ്റവും വലിയ ദീപാവലി സഫായി എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിലെ ഉപയോക്താവാണ് സംഭവം പങ്കുവച്ചത്. ഉപയോക്താവിന്റെ അമ്മയാണ് പഴയ ഡിടിഎച്ച് സെറ്റ് ടോപ്പ് ബോക്സിനുള്ളിൽ നോട്ടുകൾ കണ്ടെത്തിയത്. "ദീപാവലി സഫായിക്കിടെ എന്റെ അമ്മയ്ക്ക് രണ്ട് ലക്ഷം രൂപയുടെ 2000 രൂപയുടെ നോട്ടുകൾ കിട്ടി. ഡിടിഎച്ച് ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകൾ. നോട്ട് നിരോധന കാലത്ത് എന്റെ അച്ഛൻ മറന്ന് വച്ചതാകാനാണ് സാദ്ധ്യത. ഞങ്ങൾ അദ്ദേഹത്തോട് ഇക്കാര്യം ഇതുവരെ അറിയിച്ചിട്ടില്ല," റെഡ്ഡിറ്റിൽ യുവാവ് കുറിച്ചു.

യുവാവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. നോട്ടുകൾ ഇപ്പോഴും വിനിമയ മൂല്യമുള്ളതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസുകളിൽ പോയി മാറ്റിയെടുക്കാൻ സാധിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി. ആർബിഐയുടെ ഓഫീസുകളിൽ ഇരുപതിനായിരത്തോളം രൂപ വരെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ഒരാൾ കമന്റ് ചെയ്തു. എന്നാൽ ആർബിഐയെ സമീപിക്കുന്നതിന് മുൻപ് ഒരു ചാർട്ടേഡ് അക്കൗണ്ടന്റുമായി സംസാരിച്ച് ഉപദേശം തേടാനും മറ്റ് ചിലർ നിർദ്ദേശിച്ചു.

"നിങ്ങളുടെ അടുത്തുള്ള ആർബിഐ സെന്ററിൽ പോയി ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നോട്ടുകൾ കൈമാറ്റം ചെയ്യാം. രണ്ടായിരത്തിന്റെ നോട്ടുകൾ നിയമപരമായി റദ്ദാക്കിയിട്ടില്ല, വിനിമയത്തിൽ നിന്ന് പിൻവലിക്കുക മാത്രമാണ് ചെയ്തത്. അഞ്ചോ പത്തോ ബാച്ചുകളായി നോട്ടുകൾ മാറ്റിയെടുക്കാൻ ശ്രമിക്കുക." -മറ്റൊരാൾ ഉപദേശിച്ചു.

2023 മേയ് 19നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. എങ്കിലും ഈ നോട്ടുകളുടെ വിനിമയ മൂല്യം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. പുതിയ കണക്കുകൾ പ്രകാരം 5,884 കോടി രൂപയുടെ 2000 നോട്ടുകൾ ഇനിയും വിനിമയത്തിൽ തിരിച്ചെത്തിയിട്ടില്ല. ആർബിഐയുടെ 19 ഇഷ്യൂ ഓഫീസുകളിൽ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യം ഇപ്പോഴും ലഭ്യമാണ്.

അഹമ്മദാബാദ്, ബംഗളൂരു, ബേലാപ്പൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലക്നൗ, മുംബയ്, നാഗ്പൂർ, ന്യൂഡൽഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുന്ന ആർബിഐയുടെ ഓഫീസുകൾ. 2000 നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും പരിധിയില്ല. ആർബിഐ ഓഫീസുകളിൽ തപാൽ മാർഗ്ഗം വഴിയും നോട്ടുകൾ കൈമാറ്റം ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.