എഡിസൺ 'തകർത്തു' 19 വർഷത്തെ റെക്കാഡ്
കൊച്ചി: മഹാരാജാസ് കോളേജ് ഗ്രൗണ്ട് സാക്ഷി; 19 വർഷം പഴക്കമുള്ള റെക്കാഡ് തകർത്ത് എഡിസൺ മനോജ്. സബ് ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിലാണ് അങ്കമാലി മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസുകാരൻ പുതിയ റെക്കാഡ് സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
2006ൽ കോതമംഗലം സെന്റ് ജോർജ് എച്ച്.എസ്.എസിന്റെ അമൽ ജോർജ് 24.84 സെക്കന്റിൽ കുറിച്ച റെക്കാഡാണ് തകർത്തത്. 24.55 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് എഡിസൺ നേട്ടം. 100 മീറ്ററിൽ 12.1 സെക്കൻഡിൽ ഫിനീഷ് ചെയ്ത് സ്വർണം നേടിയിരുന്നു.
സ്പ്രിന്റ് റിലേയിൽ സ്വർണം നേടിയ അങ്കമാലി ഉപജില്ലാ ടീമിലും എഡിസൺ അംഗമായിരുന്നു.സംസ്ഥാന ജൂനിയർ മീറ്റിൽ അണ്ടർ 14 വിഭാഗത്തിൽ 600 മീറ്ററിലെ സ്വർണജേതാവ് കൂടിയാണ്. അങ്കമാലി ചുള്ളി കാഞ്ഞൂക്കാരൻ വീട്ടിൽ മനോജ് ജോൺസി എന്നിവരാണ് മാതാപിതാക്കൾ. സ്‌കൂളിലെ കായികദ്ധ്യാപകൻ ശ്യാം ശിവന്റെ കീഴിലാണ്പരിശീലനം.