ജനിതകമേന്മയിലൂടെ ക്ഷീരവിപ്ളവം
ഡോ. ആർ. രാജീവ്
മാനേജിംഗ് ഡയറക്ടർ
കെ.എൽ.ഡി ബോർഡ്
പാലുത്പാദനം കൂടിയ സങ്കരയിനം പശുക്കളുടെ പ്രജനനത്തിലൂടെ ക്ഷീരമേഖലയെ സ്വയം പര്യാപ്തിയിലേക്ക് നയിക്കുന്ന സ്ഥാപനമാണ് കേരളാ ലൈവ്‌സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ്. 1963-ൽ ഇൻഡോ സ്വിസ് പ്രോജക്ട് ആയി തുടങ്ങിയ സ്ഥാപനം ക്ഷീരമേഖലയിൽ നൽകുന്ന സംഭാവനകളെക്കുറിച്ച് ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ആർ. രാജീവ് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? ബോർഡിന്റെ പ്രവർത്തനം.
ജനിതക മേന്മയുള്ള പശുക്കളിലൂടെ ക്ഷീരോത്പാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കുകയാണ് കെ.എൽ.ഡി ബോർഡ് ലക്ഷ്യംവയ്ക്കുന്നത്. കേരളത്തിലെ സങ്കരയിനം പശുക്കളുടെ പ്രതിദിന പ്രതിശീർഷ ഉത്പാദനക്ഷമത രാജ്യത്ത് രണ്ടാം സ്ഥാനത്തേക്ക് ഉയർത്താൻ കഴിഞ്ഞു. 2005-ൽ കേരളത്തിലെ ഒരു സങ്കരയിനം പശുവിന്റെ പ്രതിദിന പാലുത്പാദനം 7.16 കിലോ ആയിരുന്നത് ഇപ്പോൾ 10.79 ആയി ഉയർന്നിട്ടുണ്ട്. 2024- 25 സാമ്പത്തിക വർഷത്തിൽ 10.22 ലക്ഷം ഡോസ് ശീതീകരിച്ച ബീജമാത്രകളാണ് സംസ്ഥാനത്തെ 3064 ബീജാധാന കേന്ദ്രങ്ങൾ വഴി വിതരണം ചെയ്തത്.
? പശുക്കൾ മാത്രമാണോ ബോർഡിന്റെ പ്രവർത്തന പരിധിയിൽ.
ആടുകളുടെയും പന്നികളുടെയും ജനിതകമേന്മ വർദ്ധിപ്പിക്കുകയും ലക്ഷ്യമിടുന്നുണ്ട്. ആടുകളിലെ കൃത്രിമ ബീജാധാനവും ഗാഢശീതീകരിച്ച ബീജമാത്രകൾ ഉപയോഗിച്ച് നടപ്പിലാക്കുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 1227 പന്നിക്കുഞ്ഞുങ്ങളെ കർഷകർക്ക് വിതരണം ചെയ്തു.
? ജീനോമിക് അനാലിസിസ്, ഭ്രൂണമാറ്റ സാങ്കേതികവിദ്യ എന്നിവ...
വിത്തുകാളകളെ അവയുടെ ജീനോമിക് ബ്രീഡിംഗ് വാല്യുവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് ജനിതക മികവ് ഉയർത്തും. ഇതിനായി കുടപ്പനക്കുന്നിൽ ജീനോമിക് ലാബ് സ്ഥാപിച്ചു. ജീനോമിക് അനാലിസിസ്, ഭ്രൂണമാറ്റ സാങ്കേതികവിദ്യ എന്നിവയിലൂടെ ഉന്നത ജനിതക ഗുണമേന്മയുള്ള പുതുതലമുറ പശുക്കളെ സൃഷ്ടിക്കുവാനും പാലുത്പാദനം വർദ്ധിപ്പിക്കുവാനും സാധിക്കും. നിലവിൽ 'എ" ഗ്രേഡ് സർട്ടിഫിക്കേഷനുള്ള മൂന്ന് സെമൻ സ്റ്റേഷനുകൾ, മൂന്ന് ഹൈടെക് ബുൾ മദർ ഫാമുകൾ, അഞ്ച് പരിശീലന കേന്ദ്രങ്ങൾ, രണ്ട് ആട് ഫാമുകൾ, രണ്ട് പന്നി ഫാമുകൾ, ഒരു തീറ്റപ്പുൽ വിത്ത് ഉത്പാദന കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നു. കുടപ്പനക്കുന്നിൽ സെന്റർ ഫോർ അപ്ലൈഡ് ലൈവ്‌സ്റ്റോക്ക് ജീനോമിക്സ് ലബോറട്ടറിയും പ്രവർത്തിക്കുന്നു. ? പശുക്കുട്ടികളെ മാത്രം ഉത്പാദിപ്പിക്കാനുള്ള പദ്ധതി...
ലിംഗനിർണയം നടത്തിയ ബീജം ഉപയോഗിച്ച് ഗർഭധാരണം ഉറപ്പാക്കി കന്നുകാലി ജനുസുകളെ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നുണ്ട്. ജേഴ്സി, ഹോൾസ്റ്റീൻ ഫ്രീഷ്യൻ, സങ്കരയിനം ജേഴ്സി, സങ്കരയിനം ഹോൾസ്റ്റീൻ ഫ്രീഷ്യൻ ഇനത്തിൽപ്പെട്ട, ലിംഗനിർണയം നടത്തിയ ബീജമാത്രകൾ ഉപയോഗിച്ച് പശുവിന് ബീജാധാനം ചെയ്യുന്നതിന് കർഷകർക്ക് 500 രൂപയാണ് ചെലവ് . രണ്ട് ഇൻസെമിനേഷനുകളിലും ചെന പിടിച്ചില്ലെങ്കിൽ 500 രൂപ മടക്കി നൽകും. ? കുടുംബശ്രീ മുഖേനയുള്ള തീറ്റപ്പുല്ല് വ്യാപന പദ്ധതി...
ഒരു ഏക്കർ വീതമുള്ള 600 തീറ്റപ്പുൽ കൃഷി യൂണിറ്റുകൾ ഈ സാമ്പത്തിക വർഷം സ്ഥാപിക്കും. ഒരു യൂണിറ്റിന് 16,000 രൂപ വീതം ധനസഹായം നൽകും. കർഷകർക്കും കുടുംബശ്രീ പ്രവർത്തകർക്കും ബോർഡ് പരിശീലനം നൽകുകയും നടീൽ വസ്തുക്കൾ ലഭ്യമാക്കുകയും ചെയ്യും. വിവിധ ജില്ലകളിൽ ഒരു ഏക്കർ വീതമുള്ള 100 മാതൃകാ തീറ്റപ്പുൽ പ്രദർശന യൂണിറ്റുകൾ ഈ സാമ്പത്തിക വർഷം തന്നെ സ്ഥാപിക്കുന്നുണ്ട്. യൂണിറ്റിന് 70,000 രൂപ വീതമാണ് ധനസഹായം.
? കർഷക തലത്തിൽ സാറ്റലൈറ്റ് പന്നിവളർത്തൽ യൂണിറ്റുകൾ.
സാറ്റലൈറ്റ് ബ്രീഡിംഗ് യൂണിറ്റിൽ രണ്ടു മുതൽ അഞ്ചു മാസം വരെ പ്രായമുള്ള ഒമ്പത് എഫ് 1 ക്രോസ് പെൺ പന്നിയും അതേ പ്രായത്തിലുള്ള ഒരു ഡുറോക് ആൺ പന്നിയും ഉൾപ്പെടുന്നു. ഒരു യൂണിറ്റിന് 2.69 ലക്ഷം രൂപയുടെ ആനുകൂല്യം നൽകുന്നു.
? സാറ്റലൈറ്റ് ആട് വളർത്തൽ യൂണിറ്റുകൾ.
ആട് വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് 69 മാസം പ്രായമുള്ള 10 മലബാറി ആടുകളെ ഓരോ സാറ്റലൈറ്റ് യൂണിറ്റിനും വിതരണം ചെയ്യും. ഒരു യൂണിറ്റിന് 2.18 ലക്ഷം രൂപയുടെ ആനുകൂല്യം നൽകുന്നുമുണ്ട്.