'ഊതി' കണ്ടെത്താം മാരകരോഗങ്ങൾ, മലയാളി സ്റ്റാർട്ടപ്പിന് പേറ്റന്റ് നേട്ടം

Tuesday 14 October 2025 12:00 AM IST
വോൾട്രാക്ക് ഉപകരണം

തിരുവനന്തപുരം: അർബുദവും ക്ഷയവും ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടോയെന്ന് 'ഊതി' കണ്ടെത്താം. രോഗം നേരത്തെ തിരിച്ചറിയുന്നതോടെ ചികിത്സ നടത്തി മരണനിരക്ക് കുറയ്ക്കാം. രാജ്യത്ത് ആദ്യമായി 'വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ടുകളുടെ'(വി.ഒ.സി) ഏറ്റക്കുറച്ചിൽ നിരീക്ഷിച്ച് രോഗങ്ങൾ തിരിച്ചറിയുന്ന സെൻസർ സാങ്കേതികവിദ്യ തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന 'അക്യുബിറ്റ്സ് ഇൻവെന്റ്' എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ചു. പേറ്റന്റും ലഭിച്ചു.

ശ്വാസകോശാർബുദം,ആസ്‌ത്‌മ,ക്ഷയം എന്നിവ കണ്ടെത്താൻ വോൾട്രാക്ക് എന്ന ഉപകരണമാണ് നിർമ്മിച്ചത്. എളുപ്പത്തിൽ വാതകമായി മാറുന്ന കാർബൺ അടങ്ങിയ പദാർത്ഥങ്ങളാണ് വോളറ്റൈൽ ഓർഗാനിക്ക് കോമ്പൗണ്ടുകൾ. ശ്വാസത്തിലും വിയർപ്പിലും ഇത് അടങ്ങിയിട്ടുണ്ട്.രോഗമുള്ളവരുടെ ശരീരത്തിൽ അളവ് കൂടുതലായിരിക്കും. ഒരു നിശ്ചിത അളവിൽ കൂടുതലാണ് വി.ഒ.സിയെങ്കിൽ രോഗസാന്നിദ്ധ്യം ഉറപ്പിക്കാം. ചെലവേറിയ ബയോപ്സി നിർദ്ദേശിക്കുന്നതിനു മുൻപ് വോൾട്രാക്കിൽ ടെസ്റ്റ് ചെയ്താൽ രോഗസാന്നിദ്ധ്യം തിരിച്ചറിയാം.ഡോ.നിധിൻ ശ്രീകുമാറാണ് കമ്പനിയുടെ എം.ഡിയും ചീഫ് റിസർച്ച് സയന്റിസ്റ്റും.

അണുബാധ അറിയാൻ ഡിറ്റെക്സ്

പ്രസവിച്ച സ്ത്രീകൾക്കും നവജാതശിശുക്കൾക്കും മറ്റ് രോഗാവസ്ഥയുള്ളവർക്കും ആശുപത്രിയിൽ നിന്ന് അണുബാധയുണ്ടാവാൻ സാദ്ധ്യത കൂടുതലാണ്. സ്റ്റാർട്ടപ്പ് വികസിപ്പിച്ച ഡിറ്റെക്സ് എന്ന ഉപകരണം ഇത് കണ്ടെത്താൻ സഹായിക്കും. അണുബാധയുണ്ടെങ്കിൽ ബീപ്പ് ശബ്ദം വരും. ഹോസ്പിറ്റൽ അക്വയേർഡ് ഇൻഫെക്ഷൻ വരുന്ന 10 പേരിൽ ഒരാൾ രാജ്യത്ത് മരിക്കുന്നുണ്ട്. കുട്ടികൾക്ക് പ്രതിരോധശേഷി കുറവായതിനാൽ അങ്കണവാടികളിലും സ്കൂളുകളിലും ഉപകരണം പ്രയോജനപ്പെടുത്താനാവും.

ലാബ് ടെസ്റ്റിൽ വിജയിച്ച ഉപകരണങ്ങൾ ഉടൻ ഗവൺമെന്റ് സർട്ടിഫിക്കേഷനും ഹോസ്പിറ്റൽ ട്രയലിനുംശേഷം വിപണിയിലെത്തിക്കും.സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയ്ക്കാവും ലഭ്യമാക്കുന്നത്. 2020ലാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്.`

-കാർത്തിക്ക്

ഹെഡ് ഓഫ് ഓപ്പറേഷൻ

അക്യുബിറ്റ്സ് ഇൻവെന്റ്