വെഞ്ഞാറമൂട് വഴി പോകുന്നവർ ശ്രദ്ധിക്കണം,​ 15 മുതൽ പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ

Monday 13 October 2025 9:11 PM IST

വെഞ്ഞാറമൂട് : മേൽപാല നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ ബുധനാഴ്ച മുതൽ കർശനമായി നടപ്പിലാക്കുമെന്ന് വെഞ്ഞാറമൂട് എസ്. എച്ച്. ഒ അറിയിച്ചു. കെ.എസ് ആർ ടി.സി വാഹന യാത്രികരുടേയും മറ്റ് യാത്രാ - ചരക്കു വാഹനങ്ങളുടേയും ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനായി ഇന്ന് നെല്ലനാട് പഞ്ചായത്ത് ഹാളിൽ ഡി.കെ മുരളി എം എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അടിയന്തിര യോത്തിലാണ് പുതുക്കിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തത്.

1 യാതൊരു കാരണവശാലം ഒരുതരത്തിലുമുള്ള ഹെവി വാഹനങ്ങളും വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നു വരാൻ അനുവദിക്കുന്നതല്ല. തിരുവനന്തപുരത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കന്യാകുളങ്ങര നിന്ന് ഇടത്തേക്കും വെമ്പായത്ത് നിന്ന് വലത്തേക്കും തിരിഞ്ഞു പോകേണ്ടതും കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കിളിമാനൂർ, കാരേറ്റ് വാമനപുരം ജംഗ്ഷനുകളിൽ നിന്ന് വലത്തേക്കും തിരിഞ്ഞ് മാത്രം പോകേണ്ടതാണ്.

2, കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട കെ.എസ് ആർ ടി സി ബസുകൾ അമ്പലമുക്കിൽ നിന്ന് വെഞ്ഞാറമൂട് സ്റ്റാൻ്റിൽ എത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പൻക്കോട്ടെത്തി പോകണം.

3.തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര യിലേക്ക് പോകേണ്ട കെ.എസ് ആർ ടി സി വാഹനങ്ങൾ തൈക്കാട് സമന്വയ നഗർ തിരിഞ്ഞ് മൈത്രീ നഗറിലെത്തി ആറ്റിങ്ങൽ റോഡിലേക്ക് തിരിയേണ്ടതും മുക്കുന്നുർ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജംഗ്ഷൻ വഴി ആലന്തറ ഭാഗത്ത് എം.സി റോഡിലെത്തി പോകണം.

4 കല്ലറ ഭാഗത്തേക്ക് പോകേണ്ട ബസുകൾ വെഞ്ഞാറമൂട് സ്റ്റാൻഡിലെത്തി പോകാവുന്നതാണ്.

5 തിരുവനന്തപുരത്ത് നിന്നും പോത്തൻകോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട്ടിൽ എത്തേണ്ട കെ.എസ് ആർ ടി സി വാഹനങ്ങൾക്ക് തൈക്കാട് നിന്ന് വയ്യേറ്റ് പെട്രോൾ പമ്പിൻ്റെ ഭാഗത്തെത്തി യാത്രക്കാരെ ഇറക്കി തിരികെ പോകാവുന്നതാണ്.

6 ആറ്റിങ്ങൽ - നെടുമങ്ങാട് റോഡിൽ നിലവിൽ വാഹന നിയന്ത്രണമില്ല,

7.സ്കൂൾ വാഹനങ്ങൾക്കും വെഞ്ഞാറമൂട്ടിൽ നിശ്ചിത ഭാഗങ്ങളിലെത്തി തിരികെ പോകാവുന്നതാണ്. പുതുക്കിയ നിയന്ത്രണങ്ങൾ ബുധനാഴ്ച (15/10/2025) മുതൽ നടപ്പിലാക്കുന്നതാണ്.