'ഇരയാകുന്നത് കൂടുതലും സ്ത്രീകൾ; വാഗ്ദാനം ചെയ്യുന്നത് വൻതുക'

Monday 13 October 2025 9:28 PM IST

തിരുവനന്തപുരം: തൊഴിൽ വാഗ്ദാനം നൽകിയുള്ള ഓൺലൈൻ കെണികളിൽ വീഴാതിരിക്കാൻ ജനങ്ങൾക്ക് കേരളാപൊലീസിന്റെ ജാഗ്രത മുന്നറിയിപ്പ്. ഓൺലൈൻ ജോലിയുടെ പേരിൽ ധാരാളം പേർക്ക് പണം നഷ്ടമാകുന്നുണ്ടെന്നും തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും കേരളാപൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കൂടുതലും തട്ടിപ്പിന് ഇരയാകുന്നത് സ്ത്രീകളാണെന്നും കുറിപ്പിൽ പറയുന്നു.

ജോലി വാഗ്ദാനം ചെയ്തുകൊണ്ട് വരുന്ന ലിങ്കുകളിൽ ക്ളിക്ക് ചെയ്യരുതെന്നും കാണുന്ന അവസരങ്ങളെ കണ്ണുംപൂട്ടി വിശ്വസിച്ചാൽ പണം നഷ്ടമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള വാഗ്ദാനങ്ങളുമായി നിരവധി പേർ ഓൺലൈൻ ലോകത്തുണ്ടെന്നും അത്തരം വാർത്തകളുടെ ആധികാരികത ഉറപ്പാക്കണമെന്നും കുറിപ്പിൽ പറയുന്നു. രജിസ്ട്രേഷനുൾപ്പടെ ആദ്യം അങ്ങോട്ട് പണം നൽകിയുള്ള കെണികളിൽ വീഴുന്ന സാഹചര്യത്തിൽ അത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് നിർദ്ദേശം നൽകി.

തൊഴിൽ വാഗ്ദാനം നൽകിയുള്ള ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി കേരളാപൊലീസ് രംഗത്തെത്തുന്നത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വ്യാജ ലിങ്കുകൾ ധാരാളം പ്രചരിക്കുന്നുണ്ട്. വർക്ക് ഫ്രം ഹോമും ഉയർന്ന ശമ്പളവും ഉൾപ്പടെ നിരവധി വാഗ്ദാനങ്ങളാണ് അത്തരം തൊഴിൽ വാർത്തകൾ മുന്നോട്ട് വയ്ക്കുന്നത്. വീടിന് പുറത്ത് പോയി ജോലി ചെയ്യാനുള്ള സാഹചര്യമല്ലാത്ത സ്ത്രീകളാണ് പലപ്പോഴും ഇത്തരം ചതിക്കുഴികളിൽ അകപ്പെടുന്നത്.