സഞ്ചാരികൾ ഒഴുകുന്നു കുറുവ ദ്വീപിന്റെ കുളിരുതേടി

Tuesday 14 October 2025 12:39 AM IST
കുറുവ ദ്വീപ്

@ നിയന്ത്രണത്തിൽ ഇളവ്

വേണമെന്ന ആവശ്യം ശക്തം

കൽപ്പറ്റ: വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം തുടരുമ്പോഴും കുറുവാ ദ്വീപിന്റെ കുളിരുതേടി എത്തുന്നത് ആയിരങ്ങൾ. കാട്ടാന ആക്രമണത്തിൽ വന സംരക്ഷണ സമിതി ജീവനക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം കുറുവ ദ്വീപ് ഉൾപ്പെടെ ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മാസങ്ങളോളം അടച്ചിട്ടിരുന്നു. പിന്നീട് സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയും പ്രവേശന നിരക്ക് കൂട്ടിയും 2024 ഒക്ടോബർ 15ന് വീണ്ടും തുറന്ന് കൊടുക്കുകയായിരുന്നു. ദ്വീപിലേക്കുള്ള പ്രവേശന ഫീസ് നികുതി ഉൾപ്പെടെ മുതിർന്നവർക്ക് 220 രൂപയും കുട്ടികൾക്ക് 100 രൂപയും വിദേശികൾക്ക് 440 രൂപയുമാണ്. പ്രവേശന ഫീസിൽ 35 രൂപ മാത്രമാണ് ഡി.ടി.പി.സിക്ക് ലഭിക്കുന്നത്. കയാക്കിംഗിന് 2 പേർക്ക് 300 രൂപയും റാ്ര്രഫിങ്ങിന് മുതിർന്നവർക്ക് 100 രൂപയും, 12 വയസുവരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. ജനുവരി മുതൽ ആരംഭിച്ച കയാക്കിംഗ് സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് നൽകുന്നത്. അപൂർവയിനം സസ്യ സമ്പത്തും പക്ഷികളും എല്ലാം ചേർന്ന് മനോഹര കാഴ്ചയൊരുക്കുന്ന ദ്വീപും പ്രകൃതി രമണീയമായ കബനിയിലൂടെയുള്ള ചങ്ങാട യാത്രയുമെല്ലാം ആസ്വാദിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. എന്നാൽ സന്ദർശകരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം വിനോദ സഞ്ചാരികളെ നിരാശരാക്കുകയാണ്. രാവിലെ 10 മണിയോടെ ദ്വീപിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ കഴിയും. പിന്നീട് എത്തുന്ന നൂറുകണക്കിനാളുകൾക്ക് ചങ്ങാട സവാരിയും കയാക്കിംഗും മാത്രമായി ഒതുങ്ങുന്നു. സഞ്ചാരികളെ ദ്വീപിലേക്ക് പ്രവേശിപ്പിക്കാൻ കഴിഞ്ഞ ദിവസം പുതിയ ചങ്ങാടങ്ങൾ നീറ്റിലിറക്കിയിട്ടുണ്ട്. മന്ത്രി ഒ. ആർ.കേളുവാണ് ഉദ്ഘാടനം നിർവഹിച്ചത്. സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടാക്കിയ നിയന്ത്രണം പ്രദേശത്തെ കച്ചവടക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പ്രവേശനം 244 പേർക്ക് മാത്രം

പാക്കം ചെറിയ മല വഴിയും പാൽവെളിച്ചം വഴിയും 244 പേർക്ക് മാത്രമാണ് പ്രതിദിനം ദ്വീപിലേക്ക് സന്ദർശനം അനുവദിക്കുന്നത്. അവധി ദിവസങ്ങളിലും മറ്റും ആയിരക്കണക്കിന് സഞ്ചാരികളാണ് ദ്വീപ് സന്ദർശിക്കാൻ കഴിയാതെ മടങ്ങുന്നത്. നിയന്ത്രണത്തിൽ അയവ് വരുത്താൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം. ജില്ല രൂപീകൃതമായ ശേഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിയത് 2024 ൽ ആയിരുന്നു.