'നടക്കാവ് മോഡൽ' അറിയാൻ കാശ്മീരില്‍ നിന്ന് അവരെത്തി
കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മുഖച്ഛായ മാറ്റിയ പ്രിസം പദ്ധതിയെ തൊട്ടറിയാന്‍ ശ്രീനഗർ കോത്തിബാഗ് ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെത്തി. അദ്ധ്യാപകരായ മറിയം അക്ബര്‍, ഹുമരിയ ഷാ, ഷെയ്ക്ക് സഹൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്ലസ് വണ്ണിനും ഒമ്പതിലും പഠിക്കുന്ന അഞ്ചുവീതം വിദ്യാര്‍ത്ഥിനികളെത്തിയത്.
പ്രിസം പദ്ധതിക്കു തുടക്കമിടുന്നതിന് പങ്കാളികളായ ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷനാണ് സാംസ്‌കാരിക വിനിമയ പരിപാടി ഒരുക്കിയത്. മുന്‍ എം.എല്‍എ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് 2012ല്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ക്യാമ്പസ് ലാന്റ് സ്‌കേപ്പിംഗിനുമായി 16 കോടി രൂപ ഫൗണ്ടേഷൻ ചെലവിട്ടത്. നടക്കാവ് മാതൃകയില്‍ കേരളത്തിലുടനീളമുള്ള 977ലധികം സ്‌കൂളുകള്‍ ഇതിനകം അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. സംരഭക ദമ്പതികളായ കോഴിക്കോട്ടെ ഫൈസല്‍ കൊട്ടിക്കോളനും ഷബാനയും സ്ഥാപിച്ച ദുബായ് ആസ്ഥാനമായ ജീവകാരുണ്യ സംഘടനയാണ് ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍. പ്രിസം മാതൃകയില്‍ കോത്തിബാഗ് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിനെയും ഉയർത്തുകയാണ് ഫൗണ്ടേഷന്‍. 20 കോടിയോളം ചെലവഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 27നാണ് ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം. കാശ്മീരി സംഘത്തെ വാദ്യഘോഷത്തോടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗിരീഷ് കുമാര്‍, റോഷന്‍ ജോണ്‍, അഖീഷ്മ എന്നിവര്‍ സ്വീകരിച്ചു. കാരപ്പറമ്പ് സ്‌കൂളും കോര്‍പ്പറേഷന്‍ ഓഫീസും സന്ദര്‍ശിച്ചു. കോഴിക്കോട് ബീച്ചിലെ നൈറ്റ് ലൈഫും ആസ്വദിച്ചു. ഇന്ന് മിഠായിത്തെരുവ്, കടലുണ്ടി പക്ഷി സങ്കേതം, തുല ക്ലിനിക്കല്‍ വെല്‍നസ് എന്നിവയും സന്ദര്‍ശിക്കും.