ബിഗ് ബോസിൽ നിന്ന് പുറത്തായതിന് കാരണം അതായിരുന്നു; തുറന്ന് പറഞ്ഞ് ജിസേൽ
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ശ്രദ്ധേയയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജിസേൽ. ഇംഗ്ലീഷും മലയാളവും ചേർത്തുള്ള അവരുടെ സംസാരവും മറ്റുള്ളവരുമായുള്ള അടുപ്പവും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടി. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ തന്നെ മുൻപ് കണ്ടിട്ടില്ലാത്ത ഒരു മത്സരാർത്ഥിയായിരുന്നു ജിസേൽ. കാരണം ജിസേലിന്റെ ആദ്യത്തെ ബിഗ് ബോസ് പ്രവേശനമല്ല എന്നുള്ളതാണ്. ഇതിനു മുൻപ് അവർ ഹിന്ദി ബിഗ് ബോസ് ഷോയുടെ ഭാഗമായിരുന്നു.
മോഡൽ, നടി, സംരംഭക എന്നീ നിലകളിൽ വിജയം നേടിയ ജിസേൽ പാതി മലയാളി എന്നുള്ളതും ആരാധകരെ അതിശയിപ്പിച്ചു. ഹൗസിനുള്ളിലെ ആര്യൻ-ജിസേൽ കൂട്ടുകെട്ടും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ടോപ് സെവനിൽ എത്താൻ സാദ്ധ്യതയുണ്ടായിരുന്നിട്ടും രണ്ടാഴ്ച മുൻപാണ് ജിസേൽ ഷോയിൽ നിന്ന് പുറത്തായത്. ഇപ്പോഴിതാ പുറത്തുവന്ന ശേഷം മലയാളികൾ നൽകിയ സ്നേഹത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് താരം.
"ബിഗ് ബോസ് എനിക്ക് മറക്കാനാവാത്ത ഒരനുഭവമാണ് സമ്മാനിച്ചത്. പുറത്തുവന്നിട്ടും എനിക്ക് ലഭിക്കുന്ന സ്നേഹത്തിന് ഒരുപാട് സന്തോഷമുണ്ട്. ഞാൻ മിയാമിയിൽ നിന്ന് നേരിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്. അതുകൊണ്ട് തന്നെ മതിയായ മുന്നൊരുക്കങ്ങൾക്കൊന്നും സാധിച്ചില്ല. പുറത്ത് നടക്കുന്ന കാര്യങ്ങൾ നമുക്ക് അറിയാൻ കഴിയില്ലല്ലോ. എന്റെ സ്വഭാവം എന്താണോ അതുപോലെയാണ് ഞാൻ ഷോയിൽ നിന്നത്. ആര്യനുമായി പെട്ടെന്നൊരു കെമിസ്ട്രി രൂപപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ല. അത് സ്വാഭാവികമായി സംഭവിച്ചതാണ്'. - ജിസേൽ പറയുന്നു.
തനിക്കെതിരെ അനുമോൾ ഉന്നയിച്ച ആരോപണത്തെക്കുറിച്ചും താരം വ്യക്തമാക്കി. നമ്മൾ ശരിയാണെങ്കിൽ ആരെയും ഭയക്കേണ്ടതില്ല. തനിക്കന്ന് വിഷമമൊന്നും തോന്നിയില്ല. താൻ ശരിയാണെന്ന് തനിക്കറിയാമെന്നും ജിസേൽ പറഞ്ഞു. മത്സരാർത്ഥിയായ അനീഷിനെക്കുറിച്ചും ജിസേൽ അഭിപ്രായം രേഖപ്പെടുത്തി. അനീഷ് മികച്ചൊരു ഗെയിമറാണ്. ഷോയുടെ ആദ്യ ദിവസം മുതൽ അതേ സ്ട്രാറ്റജി തന്നെയാണ് അദ്ദേഹം ഇപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ജിസേൽ ചൂണ്ടികാണിച്ചു.
താൻ പുറത്തായതിന് പിന്നിലെ കാരണവും ജിസേൽ വ്യക്തമാക്കി. 'ഒരു പിആർ വർക്കും ഞാൻ ചെയ്തില്ല, അതുകൊണ്ടാണ് പുറത്തുപോകേണ്ടിവന്നത്. ഷോയിലുള്ള എല്ലാവർക്കും പിആർ ഉണ്ട്. എനിക്കിതിനെക്കുറിച്ച് വലിയ അറിവില്ലായിരുന്നു, ഹിന്ദി ബിഗ് ബോസിൽ ആയിരുന്നപ്പോഴും എനിക്ക് പിആർ ഉണ്ടായിരുന്നില്ല. ഗെയിമിൽ പിആർ ആണ് ഏറ്റവും പ്രധാനമെന്ന് ഇപ്പോൾ മനസ്സിലായി. ഇനിയിപ്പോൾ അതൊന്നും വിഷയമല്ല. എന്റെ മലയാളം അത്ര നല്ലതല്ലെങ്കിൽ പോലും ആളുകൾ എന്നെ സ്നേഹിച്ചു. അതിന് ഒരുപാട് നന്ദിയുണ്ട്," ജിസേൽ കൂട്ടിച്ചേർത്തു.