സ്വർണപ്പാളി വിവാദം, സർക്കാർ അഗ്നിശുദ്ധി വരുത്തും: മന്ത്രി വാസവൻ
കോട്ടയം: 'ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക ടീമിന്റെ അന്വേഷണം പൂർത്തിയാകുമ്പോൾ ഇടതു മുന്നണി സർക്കാർ അഗ്നിശുദ്ധി വരുത്തുമെന്നും വിവാദത്തിന് പിന്നിൽ കളിച്ചപ്രതിപക്ഷത്തിനാകും തിരിച്ചടി നേരിടുകയെന്നും ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവൻ കേരളകൗമുദിയോട് പറഞ്ഞു.
?പ്രതിപക്ഷത്തിന് എങ്ങനെ തിരിച്ചടിയാകും
പ്രതിപ്പട്ടികയിലുള്ളദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ പലരും പ്രതിപക്ഷ യൂണിയനുകളിൽ പെട്ടവരും ഉന്നത കോൺഗ്രസ് ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ളവരുമാണെന്നാണ് ആരോപണം . ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ ടീമിന്റെ അന്വേഷണം പൂർത്തിയാകുമ്പോൾ പലരുടെയും ചെമ്പു തെളിയും.
? ഗൂഢാലോചന ആരോപണത്തിനു പിന്നിൽ
പ്രതിപക്ഷ ഗൂഢാലോചന തുടക്കം മുതലുണ്ട്. ബാംഗ്ലൂർ ബന്ധമുള്ള ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉന്നത ബി.ജെപി നേതാവിന്റെ അടുപ്പക്കാരനെന്നാണ് ആരോപണം. കോടതിവിധി അനുകൂലമായി ആഗോള അയ്യപ്പസംഗമം ഒക്ടോബർ 20ന് നടക്കുമെന്ന് ഉറപ്പായതോടയാണ് ദ്വാരപാലക വിഗ്രഹത്തിന്റെ പടി കാണുന്നില്ലെന്നു ഉണ്ണികൃഷ്ണൻ പോറ്റി 17ന്ഒരു ചാനലിൽ ആദ്യമായി വെളിപ്പെടുത്തിയത് .തന്റെ കൈയ്യിൽ സുരക്ഷിതമായിരിക്കുന്നത്ഒരിക്കലും കണ്ടെത്തില്ലെന്നു വിശ്വസിച്ചായിരുന്നു ഈ വെളിപ്പെടുത്തലെന്നു സംശയിക്കണം. ഒക്ടോബർ18ന് നിയമസഭയിൽ അടിയന്തരപ്രമേയമായി ഈ വിഷയം പ്രതിപക്ഷം ഉന്നയിക്കുന്നു. പോറ്റി കട്ട് ഒളിപ്പിച്ചു വച്ചത് ബന്ധുവിന്റെ വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയതോടെ പലരുടെയും കള്ളിപൊളിഞ്ഞു .ഇതിനു പിന്നിലെ ഗൂഢാലോചന തെളിഞ്ഞു.
?ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്ന്
മന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞു മാറാനാവുമോ
ദേവസ്വം ബോർഡ് ഉത്സവ നടത്തിപ്പിലും മറ്റുംസഹായംചെയ്യുന്നതിനപ്പുറം
മന്ത്രിക്ക് നയപരമായി പ്രത്യേക റോളില്ല.
? ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് നിരന്തരം
ആവശ്യപ്പെടുകയാണല്ലോ
2019 ജൂലായിൽ നടന്ന സംഭവത്തിൽ 2024ൽ ദേവസ്വം മന്ത്രിയായ ആൾ രാജിവയ്ക്കണമെന്ന് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും പറയുമോ ? രാജി ആവശ്യം യുക്തിസഹമാണോ.
? ഇ.ഡിയും കളത്തിലിറങ്ങുകയാണല്ലോ
കള്ളപ്പണം വെളുപ്പിക്കലും മറ്റുമാണ് ഇ.ഡിഅന്വേഷിക്കേണ്ടത്. ശബരിമലയിൽ നടന്നത് മോഷണമാണ്. പൊലീസാണ് അന്വേഷിക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇ.ഡി അന്വേഷിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ രാഷ്ടീയം മണക്കാം.
? സ്വർണപ്പാളി വിവാദം പ്രതിപക്ഷം കത്തിച്ചു നിറുത്തുന്നതിന് തടയിടാനാണോ എൽ.ഡി.എഫ് വിശദീകരണ യോഗങ്ങൾ?
പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണം തുറന്നു കാണിക്കാനാണ് എൽ.ഡി.എഫ് വിശദീകരണ യോഗം
നടത്തുന്നത്. ഇന്നലെ കോട്ടയത്തു നടത്തി. അടുത്ത ദിവസം പത്തനംതിട്ടയിലും ഉണ്ടാകും