സ്വർണം മുന്നോട്ടുതന്നെ! പവൻവില @ ₹ 91,960
കൊച്ചി: ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയതോടെ സ്വർണത്തിന്റെ ഡിമാൻഡ് വീണ്ടും വർദ്ധിച്ചു. ഇത് വിലയിലും പ്രകടമായി. ഔൺസിന് 4060 ഡോളറായതോടെ ആഗോളവിപണിയിലും പവന് 91960 രൂപയിൽ ആഭ്യന്തര വിപണിയിലും സ്വർണവില റെക്കാർഡിട്ടു. ഇന്നലെ ഗ്രാമിന് 105 രൂപ വർദ്ധിച്ച് 11,495 രൂപയായി. പവന് 840 രൂപയാണ് വർദ്ധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ജി.എസ്.ടിയും പണിക്കൂലിയുമടക്കം ഒരു ലക്ഷത്തിന് മേൽ നൽകേണ്ടി വരും. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ കുതിപ്പ് തുടരുന്നതിനാൽ വരുംദിവസങ്ങളിലും വില മുന്നോട്ടു തന്നെ പോകും. ദീപാവലി ഉൾപ്പെടെ ഉത്തരേന്ത്യൻ ഉത്സവസീസണായതിനാൽ ആഭ്യന്തരവിപണിയിൽ ചില്ലറ ഉപഭോക്താക്കളുടെ എണ്ണത്തിലും വരുംദിവസങ്ങളിൽ വൻ വർദ്ധനവുണ്ടാകുമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപകർക്ക് അഭയം സ്വർണം
ഇസ്രയേൽ- പാലസ്തീൻ യുദ്ധം അവസാനിക്കുന്നുവെന്ന വാർത്തയിൽ ആഗോളവിപണികൾ ആശ്വാസം കൊള്ളവെയാണ് ചൈനയ്ക്ക് മേൽ അമേരിക്ക 100 ശതമാനം അധികതീരുവ ചുമത്തിയത്. തീരുവ കാട്ടി ഭീഷണിപ്പെടുത്തിയാൽ അതിനുള്ള മറുപടി തങ്ങൾ തരുമെന്ന് ചൈനയും തിരിച്ചടിച്ചതോടെ വിപണി വീണ്ടും കലുഷിതമായി. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിൽ അഭയം കൊള്ളുകയാണ്.
യു.എസ്- ചൈന തീരുവ യുദ്ധം
അമേരിക്കയിലെ ഷട്ട് ഡൗൺ
കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയത്
ഇന്ത്യയിലെ ഉത്സവസീസൺ