എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം; എൻ.എസ്.എസ് വിധി മറ്റ് മാനേജ്‌മെന്റുകളിലും
നിലപാട് മാറ്റം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ
എൻ.എസ്.എസിന് അനുകൂലമായ വിധി മറ്റു മാനേജ്‌മെന്റുകൾക്കും ബാധകമാക്കുന്നതിന്
അനുമതിതേടി സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
എൻ.എസ്.എസിനു ലഭിച്ച വിധിയിലെ ഇളവും ആനുകൂല്യങ്ങളും മറ്റു മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനുള്ള നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കും. ഭിന്നശേഷി നിയമനത്തിന് സീറ്റുകൾ ഒഴിച്ചിട്ടാൽ ബാക്കിയുള്ളവയ്ക്ക് നിയമനാംഗീകാരം നൽകാമെന്ന് എൻ.എസ്.എസ് സമ്പാദിച്ച വിധി
അവർക്ക് മാത്രമാണ് ബാധകമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഇതിനെതിരെ ക്രൈസ്തവ മാനേജ്‌മെന്റുകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് സർക്കാരിന്റെ നിലപാട് മാറ്റം.
മുഖ്യമന്ത്രി പിണറായി വിജയൻ കെ.സി.ബി.സി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുമായി കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ,നിയമവശം പരിശോധിച്ച് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പു നൽകി. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിലുമായി ചർച്ച നടത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും സർക്കാർ നടപടികൾ വേഗത്തിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഭിന്നശേഷി നിയമനത്തിന്റെ പേരിൽ നിരവധി അദ്ധ്യാപകർ നിയമനാംഗീകാരം ലഭിക്കാതെ പ്രതിസന്ധിയിലായിരുന്നു.
പൊതുവായ പരാതി:
മുഖ്യമന്ത്രി ഭിന്നശേഷി നിയമനത്തിൽ എല്ലാ വിഭാഗങ്ങൾക്കും പരാതിയുണ്ടെന്നും ഏകപക്ഷീയമായി നടപടിയെടുക്കാനാവാത്തതിനാലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷി നിയമനത്തിൽ സർക്കാർ സ്വീകരിക്കുന്ന എന്തു നടപടിക്കും സുപ്രീംകോടതിയുടെ അറിവും അനുമതിയും വേണമെന്ന് വിധിയിലുണ്ട്.
'ക്രിസ്ത്യൻ മാനേജ്‌മെന്റുകൾക്കു വഴങ്ങിയാണ് സർക്കാർ നിലപാട് തിരുത്തിയതെന്നു വ്യാഖ്യാനിക്കേണ്ടതില്ല. എൻ.എസ്.എസ് മാത്രമാണ് കോടതിയിൽ പോയത്. ആ കേസിലെ വിധി തങ്ങൾക്കു കൂടി ബാധകമാക്കണമെന്ന വിവിധ മാനേജ്‌മെന്റുകളുടെ ആവശ്യം
ന്യായമാണ്."
-മന്ത്രി വി. ശിവൻകുട്ടി
'എയ്ഡഡ് സ്കൂളുകളിലെ നിയമന പ്രതിസന്ധി പരിഹരിക്കാൻ തീരുമാനമെടുത്ത സർക്കാരിന് അഭിനന്ദനങ്ങൾ."
-മണി കൊല്ലം,
ജനറൽ സെക്രട്ടറി
പ്രൈവറ്റ് സ്കൂൾ
മാനേജേഴ്സ് അസോ.