വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ കേരളത്തിന് അടിത്തറ: വിഷൻ സെമിനാർ
കൊച്ചി: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് സംസ്ഥാനത്തിന് പുറത്തുനിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ കഴിയണമെന്നും സംസ്ഥാനത്തെ എഡ്യൂക്കേഷൻ ഹബ്ബായി രൂപപ്പെടുത്തണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 'വിഷൻ 2031" സംസ്ഥാനതല സെമിനാറുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുറത്തുള്ള സർവകലാശാലകളുടെ സഹകരണം അടക്കമുള്ള കാര്യങ്ങളും പരിഗണിക്കപ്പെടണം. മുതിർന്ന പൗരന്മാർക്കായി കേരളം തുടക്കമിട്ട ന്യൂ ഇന്നിംഗ്‌സ് പദ്ധതി ലോകമാതൃകയാണ്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണത്തിന് വിവിധ സ്ഥാപനങ്ങളും ഏജൻസികളും വലിയ തോതിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വർക്ക് നിയർ ഹോം പോലെയുള്ള സൗകര്യങ്ങളും വിപുലീകരിക്കണം. ധനസ്രോതസ്സുകൾ ഉറപ്പാക്കാൻ ഒന്നിച്ചുനിന്ന് പ്രവർത്തിക്കാനാകണമെന്നും മന്ത്രി പറഞ്ഞു.
വിജ്ഞാന സമ്പദ്ഘടനയുടെ അടിത്തറയിൽ പുതിയ കേരളം രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്ന് 'ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും" എന്ന സെമിനാറിൽ അഭിപ്രായമുയർന്നു. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ വിഷയം അവതരിപ്പിച്ചു. 'കേരളത്തിന്റെ സാമ്പത്തിക വളർച്ചാ മാതൃകകൾ, പുത്തൻ സാധ്യതകൾ" എന്ന വിഷയത്തിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്. സോമനാഥ് ഓൺലൈനായി പങ്കെടുത്തു. 'കയറ്റുമതിയും തുറമുഖ അധിഷ്ഠിത വികസനവും" സെമിനാറിൽ പോർട്ട് അതോറിട്ടി മുൻ ചെയർമാൻ എൻ. രാമചന്ദ്രൻ, കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം പ്രസിഡന്റ് കെ.എം.ഹമീദ് അലി തുടങ്ങിയവർ സംസാരിച്ചു. ജി.എസ്.ടി നിരാശാജനകമാണെന്ന് 'ധനകാര്യ ഫെഡറലിസവും ജി.എസ്.ടി സംവിധാനവും" സെമിനാറിൽ അഭിപ്രായമുയർന്നു. സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനായി. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ ഉപസംഹാര പ്രഭാഷണം നടത്തി. സംസ്ഥാന ലോട്ടറിവകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ് നന്ദി പറഞ്ഞു. 1800ൽപരം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.