തീരത്ത് കുഞ്ഞൻ മത്തികളുടെ ചാകര,​ പക്ഷേ ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യരുത്

Monday 13 October 2025 11:33 PM IST

കൊച്ചി : അടുത്തിടെയായി കേരളത്തിലെ തീരദേശത്ത് പലയിടത്തും മത്തിച്ചാകരയായിരുന്നു.

എന്നാൽ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ മിക്കവാറും കരയ്ക്കടുക്കുന്നത് കുഞ്ഞൻ മത്തിയുമായാണ്. പത്ത് സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള മിനുകൾ പിടിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കുഞ്ഞൻ മത്തികൾ പിടിക്കുന്നത്.

ഇപ്പോഴിതാ കുഞ്ഞൻ മത്തികൾ പിടിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ)​. തുടർച്ചയായ മഴയെ തുടർന്ന് സമുദ്രോപരിതലം കൂടുതൽ ഉത്പാദന ക്ഷമമായതാണ് മത്തി വൻതോതിൽ തീരത്ത് ലഭ്യമാകാൻ കാരണമെന്ന് അടുത്തിടെ സി.എം.എം.എഫ്.ആർ.ഐ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. എന്നാൽ എണ്ണത്തിൽ വർദ്ധനയുണ്ടായതോടെ ഭക്ഷ്യലഭ്യതയിൽ ക്രമേണ കുറവുണ്ടാവുകയും അത് വളർച്ചയെ ബാധിച്ചതായും കണ്ടെത്തിയിരുന്നു. മത്തി ഇനി വളരില്ല എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ ശരിയല്ലെന്നും സിഎംഎഫ്ആർഐ അറിയിച്ചു.

തീരക്കടലുകൾ ഇപ്പോഴും ഉയർന്ന ഉൽപ്പാദനക്ഷമമാണെന്നതിനാൽ ചെറുമത്തികൾ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താൻ എം എൽ എസ് പ്രകാരമുള്ള നിയന്ത്രിത മത്സ്യബന്ധനമാണ് വേണ്ടത്. സുസ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണ് സിഎംഎഫ്ആർഐ വ്യക്തമാക്കി