ജില്ലാ സ്കൂൾ കായികമേള ഇന്നുമുതൽ

Monday 13 October 2025 11:38 PM IST

പത്തനംതിട്ട : റവന്യൂ ജില്ലാ സ്കൂൾ കായികമേള ഇന്ന് മുതൽ വ്യാഴാഴ്ച വരെ കൊടുമൺ ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 10 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനാകും. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. 11 ഉപജില്ലകളിൽനിന്നായി ആയിരത്തോളം കുട്ടികൾ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 8.30 ന് മത്സരങ്ങൾ ആരംഭിക്കും. സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടമാണ് ആദ്യ ഇനം. സമാപനസമ്മേളനം വ്യാഴാഴ്ച ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം സമ്മാനവിതരണം നിർവഹിക്കും. ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർ 21മുതൽ 28വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സിൽ മാറ്റുരയ്ക്കും.