എ.എഫ്.സി കപ്പ് യോഗ്യതാ ഫുട്ബാൾ : ഇന്ത്യ ഇന്ന് വീണ്ടും സിംഗപ്പൂരിനോട്
മഡ്ഗാവ് : എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതയുടെ മൂന്നാം റൗണ്ടിൽ ഇന്ന് വീണ്ടും ഇന്ത്യ -സിംഗപ്പൂർ പോരാട്ടം. കഴിഞ്ഞവാരം സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ന് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നാം റൗണ്ടിൽ ഇതുവരെ ഒരു മത്സരംപോലും ജയിക്കാൻ കഴിയാത്ത ഇന്ത്യയ്ക്ക് അടുത്തഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.
അവസാന സമയത്ത് റഹിം അലി നേടിയ ഗോളിനാണ് സിംഗപ്പൂരുമായുള്ള കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ തോൽവിയിൽ നിന്ന് സമനിലയിലേക്ക് രക്ഷപെട്ടത് . സുനിൽ ഛെത്രിയെ ആദ്യ ഇലവനിലിറക്കിയാണ് ഇന്ത്യൻ കോച്ച് ഖാലിദ് ജമീൽ കളി തുടങ്ങിയത്.മലയാളി ഡിഫൻഡർ ഉവൈസും ഫസ്റ്റ് ഇലവനിലുണ്ടായിരുന്നു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഇഖ്സാൻ ഫാന്തിയിലൂടെയാണ് സിംഗപ്പൂർ മുന്നിലെത്തിയത്. ഗോൾ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമം 90-ാം മിനിട്ടിലാണ് സഫലമായത്. സിംഗപ്പൂർ പ്രതിരോധത്തിന്റെ ദുർബലമായൊരു ബാക്പാസ് പിടിച്ചെടുത്താണ് റഹിം അലി സ്കോർ ചെയ്തത്. റഹിമിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ട് സമനിലകളും ഒരു തോൽവിയുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ഇന്നത്തേതുകൂടാതെ ബംഗ്ളാദേശുമായും ഹോംഗ്കോംഗുമായും ഓരോ മത്സരമാണ് ഇന്ത്യയ്ക്ക് ശേഷിക്കുന്നത്.
മൂന്നാം റൗണ്ടിലെ ഇന്ത്യ
മാർച്ചിൽ ബംഗ്ളാദേശിന് എതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ ഗോൾ രഹിത സമനില വഴങ്ങി.
ജൂണിൽ ഹോംഗ്കോംഗിനോട് എവേ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു.
കഴിഞ്ഞയാഴ്ച സിംഗപ്പൂരുമായ എവേമാച്ചിൽ 1-1ന് സമനില വഴങ്ങി.
ഇന്ത്യൻ ടീം : അമരീന്ദർ സിംഗ്, ഗുർമീത് സിംഗ്, ഗുർപ്രീത് സന്ധു( ഗോൾ കീപ്പർമാർ), അൻവർ അലി, മുഹമ്മദ് ഉവൈസ്, മിംഗ്താൻമാവിയ റാൽതേ,സന്ദേശ് ജിൻഗാൻ,പരംവീർ,രാഹുൽ ഭെക്കെ (ഡിഫൻഡർമാർ), സഹൽ അബ്ദുൽ സമദ്, ബ്രാൻഡൺ ഫെർണാണ്ടസ്,ഡാനിഷ് ഫറൂഖ്, ദീപക് ടാൻഗ്രി, മക്കാർട്ടൺ ലൂയിസ് നിക്സൺ,മഹേഷ് നവോറെം,നിഖിൽ പ്രഭു, ഉദാന്ത സിംഗ്(മിഡ്ഫീൽഡേഴ്സ്), സുനിൽ ഛെത്രി, ഫാറൂഖ് ചൗധരി,ലാലിയൻ സുവാല ചാംഗ്തേ,ലിസ്റ്റൺ കൊളാക്കോ, റഹിം അലി, വിക്രം പ്രതാപ് സിംഗ്.