സീനിയർ ബാസ്കറ്റ് : തിരുവനന്തപുരത്തിന് ഇരട്ടക്കിരീടം

Monday 13 October 2025 11:51 PM IST

കുന്നംകുളം : ജവഹർ സ്‌ക്വയർ സ്റ്റേഡിയത്തിൽ നടന്ന 69-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം പുരുഷ - വനിതാ ചാമ്പ്യന്മാരായി. കെ.എസ്.ഇ.ബി താരങ്ങൾ അണിനിരന്ന തിരുവനന്തപുരം വനിതാഫൈനലിൽ എം.ജി യൂണിവേഴ്സിറ്റി താരങ്ങൾ അടങ്ങിയ കോട്ടയം ടീമിനെയാണ് കീഴടക്കിയത്. അന്തർദേശീയ താരങ്ങളായ ശ്രീകല, അനീഷ ക്ളീറ്റസ്,സൂസൻ ഫ്ളോറന്റീന,കവിത ജോസ് തുടങ്ങിയവരായിരുന്നു തിരുവനന്തപുരം ടീമിന്റെ മുന്നണിപ്പോരാളികൾ.95-61 എന്ന സ്കോറിനായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. 34 പോയിന്റ് നേടിയ ശ്രീകലയാണ് മത്സരത്തിൽ ടോപ് സ്കോററായത്. കവിത 23 പോയിന്റ് നേടി. കോട്ടയത്തിനായി റീമ റൊണാൾഡും അക്ഷയ ഫിലിപ്പും 18 പോയിന്റ് വീതം നേടി.

പുരുഷ വിഭാഗത്തിൽ ഇടവേളയിൽ 10 പോയിന്റിന് പിന്നിൽ നിന്നശേഷമാണ് തിരുവനന്തപുരം 53-50ന് എറണാകുളത്തെ തോൽപ്പിച്ച് ജേതാക്കളായത്. അന്തർദേശീയ താരം സെജിൻ മാത്യു 16 പോയിന്റ് നേടി തിരുവനന്തപുരത്തിന്റെ ടോപ്സ്കോററായി . വനിതാ വിഭാഗത്തിൽ കോട്ടയത്തെ തോൽപ്പിച്ച് തൃശൂർ മൂന്നാം സ്ഥാനം നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ തൃശൂരിനെ തോൽപ്പിച്ച് ആലപ്പുഴ മൂന്നാമതെത്തി. കോട്ടയത്തിന്റെ അക്ഷയ ഫിലിപ്പും തൃശൂരിന്റെ ഇർഫാൻ മുഹമ്മദും മികച്ച ഭാവി താരങ്ങൾക്കുള്ള ബോബിറ്റ് മാത്യു പുരസ്കാരം നേടി.

പുഷ്പഗിരി ഫൈനലിൽ

തിരുവല്ല : പുഷ്പ ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടന്ന പതിനാറാത് മാർ തിയോഫിലോസ് ട്രോഫി ഇന്റർ മെഡിക്കോസ് ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് പുരുഷന്മാരും കെഎംസിടി മെഡിക്കൽ കോളേജ് കോഴിക്കോട് വനിതകളും ഫൈനലിൽ പ്രവേശിച്ചു.

പുരുഷ വിഭാഗം സെമിഫൈനലിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് , അമൃത മെഡിക്കൽ കോളേജിനെ 38-20ന് പരാജയപ്പെടുത്തിയപ്പോൾ . . വനിതാ വിഭാഗം സെമിഫൈനലിൽ കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജിനെ 24-21ന് പരാജയപ്പെടുത്തി.