കിരീടം കിനാവുകണ്ട് കേരളം കളത്തിലേക്ക്
പുതിയ സീസണിൽ കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാവുകയാണ്. നിലവിലെ റണ്ണേഴ്സ് അപ്പുകളായി കേരളം രഞ്ജി ട്രോഫിക്ക് ഇറങ്ങുന്ന ചരിത്രത്തിലെ ആദ്യമത്സരം. കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിയ യാത്രയേയും പുതിയ സീസണിനായി നടത്തിയ കഠിന പരിശീലനത്തേയും കുറിച്ച് കേരള ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റി ചെയർമാൻ പി.പ്രശാന്ത് സംസാരിക്കുന്നു...
റണ്ണേഴ്സ് അപ്പ് എന്ന നിലയിലെ പ്രതീക്ഷകൾ
ഈ സീസണിന് തയ്യാറെടുക്കുമ്പോൾ കഴിഞ്ഞ തവണ ഫൈനലിൽ കളിച്ചവരാണ് എന്ന ബോധ്യം ഭാരമായല്ല, ഉത്തരവാദിത്വമായാണ് കണ്ടത്. നല്ല എതിരാളികളുള്ള ഗ്രൂപ്പാണ്. എല്ലാവരും ശ്രദ്ധിക്കുന്ന മത്സരങ്ങളായിരിക്കും എന്നൊക്കെ അറിയാമായിരുന്നു. അതെല്ലാം തിരിച്ചറിഞ്ഞാണ് കോച്ച് അമേയ് ഖുറാസ്യയും ഞങ്ങളും തയ്യാറെടുത്തത്.
അവിരാമം പരിശീലനം
സത്യത്തിൽ കഴിഞ്ഞവർഷം അഹമ്മദാബാദിൽ ഫൈനലിൽ തോറ്റ ആ നിമിഷം ഈ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നമ്മുടെ കളിക്കാരും കോച്ചും സപ്പോർട്ടിംഗ് സ്റ്റാഫും തുടങ്ങിയിരുന്നു. കുറച്ചുദിവസത്തെ വിശ്രമം നൽകിയശേഷം സീനിയർ കളിക്കാരെയെല്ലാം കൂട്ടി കോച്ചിംഗ് ക്യാമ്പ് തുടങ്ങി. വയനാട്ടിലും മംഗലപുരത്തുമെല്ലാം മാസങ്ങളോളം ക്യാമ്പുകളുണ്ടായിരുന്നു. ഒരുവിധപ്പെട്ട എല്ലാ കളിക്കാരെയും ക്യാമ്പിൽ വിലയിരുത്തിയശേഷമാണ് ടീം പ്രഖ്യാപിച്ചത്. ബാറ്റിംഗ്, ബൗളിംഗ് ഡിപ്പാർട്ടുമെന്റിൽ ആരെയൊക്കെ കളിപ്പിക്കാനാകുമെന്ന് പലകുറി ചിന്തിച്ചു.
പുതിയ നായകൻ
ഭാവിയിലേക്ക് നോക്കിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കഴിഞ്ഞ സീസണിൽ സഞ്ജുവുണ്ടായിരുന്നിട്ടും സച്ചിൻ ബേബിയാണ് നയിച്ചത്. ഇക്കുറി സച്ചിന് ബാറ്റിംഗിൽ കൂടുതൽ ഉത്തരവാദിത്വം നിറവേറ്റാനുണ്ട്. ക്യാപ്ടൻസിയുടെ സമ്മർദ്ദം കുറച്ചുകൂടി ചെറുപ്പക്കാരനായ മുഹമ്മദ് അസറുദ്ദീനിലേക്ക് കൈമാറിയത് അങ്ങനെയാണ്. ദുലീപ് ട്രോഫിയിൽ ദക്ഷിണമേഖലയെ നയിച്ച അസറുദ്ദീൻ ക്യാപ്ടൻസി മെറ്റീരിയലുള്ള കളിക്കാരനാണ്. ഇതൊരു പരീക്ഷണം തന്നെയാണ്. ആദ്യ മത്സരങ്ങൾ നോക്കട്ടെ.
ജലജിന്റെ അഭാവം
എട്ടുവർഷമായി നമുക്കുവേണ്ടി കളിച്ചിരുന്ന ജലജ് സക്സേന വജ്രായുധം തന്നെയായിരുന്നു. ഈ സീസണിൽ ജലജും സർവാതെയും പോയപ്പോൾ പകരമുള്ളത് ബാബ അപരാജിത്തും അങ്കിത് ശർമ്മയുമാണ്. മദ്ധ്യപ്രദേശുകാരനായ അങ്കിത് മികച്ച ആൾറൗണ്ടറാണ് . കഴിഞ്ഞ സീസണിൽ പരിക്കുണ്ടായിരുന്ന ബാബ ഇക്കുറി തമിഴ്നാട് ലീഗിൽ മികച്ച പ്രകടനം നടത്തിയിരുന്നു.
ബാറ്റിംഗും ബൗളിംഗും
സഞ്ജു,സച്ചിൻ ബേബി, അസർ,സൽമാൻ നിസാർ തുടങ്ങിയവർക്കൊപ്പം യുവതാരങ്ങളായ ഷോൺ റോജറും അഹമ്മദ് ഇമ്രാനുമുണ്ട്. ഓപ്പണിംഗ് ബാറ്ററും മീഡിയം പേസറുമായ പുതുമുഖം അഭിഷേക് പി.നായർ കോച്ചിംഗ് ക്യാമ്പിൽ നിന്ന് കോച്ച് കണ്ടെത്തിയ താരമാണ്. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകിയാലേ ഭാവിയിൽ പ്രയോജനമുണ്ടാകൂ.
ബേസിൽ തമ്പി, കെ.എം ആസിഫ് തുടങ്ങിയവരുടെ പരിക്ക് ബൗളർമാരുടെ തിരഞ്ഞെടുപ്പിൽ വെല്ലുവിളിയായി. എം.ഡി നിധീഷ്, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം എന്നിവർക്കൊപ്പം വൈശാഖ് ചന്ദ്രനും ഇത്തവണ ഉത്തരവാദിത്വം ഏറെയാണ്.
ലക്ഷ്യം കിരീടം, മാർഗം കഠിനാദ്ധ്വാനം
രഞ്ജി ട്രോഫിപോലുള്ള വലിയ ടൂർണമെന്റുകളിൽ ഭാഗ്യം കൊണ്ടോ ഒന്നോ രണ്ടോ മികച്ച കളിക്കാരെകൊണ്ടോ മാത്രം ഒരു ടീമിനും ഒന്നും ചെയ്യാനാവില്ല. വേണ്ടസമയത്ത് വേണ്ടതുപോലെ പ്രവർത്തിക്കാൻ കഴിയുന്ന ടീം വർക്കാണ് ആവശ്യം. ഞങ്ങളുടെ ലക്ഷ്യം കിരീടം തന്നെയാണ്. പക്ഷേ അതിനെക്കുറിച്ചല്ല ആദ്യ മത്സരത്തെപ്പറ്റി മാത്രമാണ് ഇപ്പോൾ ചിന്ത. ഓരോ മത്സരമായി ലക്ഷ്യമിട്ട് മുന്നേറും. കഠിനാദ്ധ്വാനമല്ലാതെ വിജയത്തിലെത്താൻ മറ്റൊരു മാർഗമില്ല.
അച്ഛന്റെ വഴിയേ മകനും
കേരളത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ആൾറൗണ്ടറായിരുന്ന പി.പ്രശാന്തിന്റെ വഴിയേയാണ് മകൻ അക്ഷയ് പ്രശാന്തും. മുക്കോല സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ളാസിൽ പഠിക്കുന്ന അക്ഷയ് കഴിഞ്ഞദിവസം കെ.സി.എ ജൂനിയർ ക്ളബ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സെമിയിൽ ആർ.എസ്.സി എസ്.ജി ക്രിക്കറ്റ് സ്കൂളിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിട്ടും വിജയിച്ചത് രണ്ടാം ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റ് വീഴ്ത്തിയ അക്ഷയ്‌യുടെ മികവിലാണ്. ലിറ്റിൽ മാസ്റ്റേഴ്സ് ഫൈനലിലെത്തുകയും ചെയ്തു. ആത്രേയയാണ് ഈ വെള്ളിയാഴ്ച തുടങ്ങുന്ന ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സിന്റെ എതിരാളികൾ.