ആദിവാസികളുടെ കിണർ പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ കാണാനില്ല

Tuesday 14 October 2025 12:09 AM IST

ചോക്കാട്: ചോക്കാട് നെല്ലിയാംപാടം ആദിവാസി നഗറിലെ കുടിവെള്ള പദ്ധതിയുടെ കിണർ ആസ്തി രജിസ്റ്ററിൽ നിന്ന് അപ്രത്യക്ഷമായി. പ്രതിഷേധവുമായെത്തിയ ആദിവാസികൾ ചോക്കാട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഇതോടെ കുടിവെള്ള പദ്ധതിയുടെ റിപ്പയറിംഗിന്

അനുവദിച്ച ഫണ്ട് ലാപ്സായി പോകുമെന്ന് ആശങ്കയുണ്ട്.

പതിറ്റാണ്ടുകളോളം പ്രദേശത്തുകാർ ഉപയോഗിച്ച പൊതുകിണർ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ നേരത്തെയുള്ളതാണ്.കുടിവെള്ളത്തിനായി മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ പ്രയാസപ്പെടുന്ന നെല്ലിയാമ്പാടത്തുകാർ കടുത്ത പ്രതിഷേധവുമായാണ്

പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ രംഗത്ത് വന്നത്.വാർഡ് മെമ്പർ കെ.ടി. സലീന, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ടി. മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. പ്രശ്നം പരിശോധിച്ചു രണ്ടു ദിവസത്തിനകം പരിഹാരം കാണാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.കാളികാവ് എസ്. ഐ ഇല്ലിക്കൽ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് കാവലുണ്ടായിരുന്നു.

അപ്രത്യക്ഷമാവും കുടിവെള്ളപദ്ധതിയും

  • ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഒന്നിലധികം തവണ ഫണ്ട് ചെലവഴിച്ച് കുടിവെള്ള പദ്ധതി നിർമ്മിക്കുകയും മറ്റു പ്രവൃത്തികൾ നടത്തുകയും ചെയ്ത കിണറാണ് ഇപ്പോൾ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ നിന്ന് അപ്രത്യക്ഷമായത്.
  • ജില്ലാ പഞ്ചായത്ത് നിർമ്മിച്ചതും നിലവിലുള്ളതുമായ കുടിവെള്ള പദ്ധതി ഇപ്പോൾ തകരാറിലായിട്ടുണ്ട്.
  • പദ്ധതിയുടെ റിപ്പയറിംഗിനു വേണ്ടി പഞ്ചായത്ത് ഫണ്ട് വകയിരുത്തിയ ഘട്ടത്തിലാണ് ആസ്തി രജിസ്റ്ററിൽ നിന്ന് കിണർ അപ്രത്യക്ഷമായ വിവരം അറിയുന്നത്.